ഉണക്കമുന്തിരിയും അരിവറുത്തതും ഭക്ഷണം; ടെന്‍ഷനൊഴിഞ്ഞപ്പോള്‍ സിനിമകാഴ്ച- തുരങ്കത്തിലെ അതിജീവനം

Photo | AFP
Photo | AFP

ഭുവനേശ്വര്‍: നവംബര്‍ 11-ന് രാത്രി ഏട്ടുമണിയോടെയാണ് ആ 41 പേരും തുരങ്കത്തിനകത്ത് തങ്ങളുടെ ജോലി തുടങ്ങിയത്. നാളെ ദീപാവലിയാണ്. രാവിലെ നേരത്തെ പണി കഴിഞ്ഞിറങ്ങണം. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കണം. പല പ്രതീക്ഷകളോടെ ജോലി തുടര്‍ന്ന അവരാരും നാളെ തങ്ങളെ കാത്തിരിക്കുന്ന ദുരന്തം അറിഞ്ഞിരുന്നില്ല.

പുലർച്ചെ 5.30-ഓടെയാണ് തുരങ്കത്തില്‍നിന്ന് ഒരു മുഴക്കം അനുഭവപ്പെട്ടത്. അപ്രതീക്ഷിതമായ എന്തോ ഒന്ന് വരാന്‍ പോകുന്നുവെന്ന് മനസിലായെങ്കിലും ആദ്യത്തെ അര മണിക്കൂര്‍ അവര്‍ക്ക് വലിയ ഭയം തോന്നിയില്ല. എന്നാല്‍, മുന്നിലുള്ളതെല്ലാം തകര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ, മുന്നോട്ടുള്ള എല്ലാ വഴികളും ഇരുട്ടിലായതോടെ അപകടത്തിന്റെ വ്യാപ്തി അവര്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ തുരങ്കത്തിനകത്ത് അകപ്പെട്ടു, പുറത്തേക്കിറങ്ങാന്‍ യാതൊരു വഴിയുമില്ല. തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്കുകൂടി കാണുമോയെന്നറിയാതെ, ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ അവര്‍ സ്തംഭിച്ചുനിന്നു. 

'തുരങ്കത്തിനുള്ളിൽ അകപ്പെട്ടുകഴിഞ്ഞെന്ന് ആ സമയത്ത് ഞങ്ങള്‍ക്ക് മനസിലായിരുന്നു. എനിക്ക് ശരിക്കും ഭയം തോന്നി. എന്റെ കുടുംബത്തെ കുറിച്ചും കുട്ടികളേക്കുറിച്ചുമാണ് ഞാന്‍ ചിന്തിച്ചത്', ആ അനുഭവത്തെ ബിഷേശ്വര്‍ നായക് ഓര്‍ത്തെടുത്തു. 

നാലര വര്‍ഷമായി തുരങ്കനിര്‍മാണത്തിന്റെ ഭാഗമായി പണിയെടുക്കുന്ന ആളാണ് ഒഡീഷ സ്വദേശിയായ ബിഷേശ്വര്‍. 5.30-ന് തുരങ്കത്തില്‍ നിന്ന് ആദ്യമുഴക്കം കേട്ടപ്പോഴും തങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള വഴി കണ്ടെത്താനാകുമെന്നായിരുന്നു വിചാരിച്ചിരുന്നത്. 'ഉത്തരാഖണ്ഡില്‍ ഞാന്‍ വന്നതിനു ശേഷം നാലു ഭൂചലനങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇതുപോലെയൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ അവസാനിക്കുമെന്ന് കരുതി കാത്തുനിന്നെങ്കിലും പാറക്കെട്ടുകള്‍ വീണുകൊണ്ടേയിരുന്നു. എട്ടുമണിയോടെ തുരങ്കത്തിന്റെ 70 മീറ്റര്‍ ദൂരത്തോളം അവശിഷ്ടങ്ങള്‍ കൊണ്ടുനിറഞ്ഞിരുന്നു', നായക് പറയുന്നു.

പാറക്കെട്ടുകള്‍ വീഴുന്നതിനിടെ പെട്ടെന്നുതന്നെ എല്ലാവരുമുണ്ടോയെന്ന് എണ്ണിനോക്കി. 41 പേരും ഉണ്ടെന്നറിഞ്ഞപ്പോള്‍ ചെറിയൊരു സമാധാനം തോന്നിയെങ്കിലും വഴികള്‍ വീണ്ടും അടയുന്നതിനനുസരിച്ച് ഭയത്തിന്റെ നിശബ്ദത അവിടെയാകെ നിഴലിച്ചു. സില്‍ക്യാര- ബര്‍കോട്ട് ടണ്ണലിന്റെ രണ്ടു കിലോമീറ്ററോളംവരുന്ന ഇടം മാത്രമായിരുന്നു അവര്‍ക്കുമുന്നിലുണ്ടായിരുന്നത്. പൊട്ടിപൊളിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പ്രതീക്ഷയുടെ ഒരു വെളിച്ചവും കാണാനായില്ല. പരസ്പരം സമാധാനിപ്പിച്ചും പ്രതീക്ഷകള്‍ കൈമാറിയും അവര്‍ മണിക്കൂറുകള്‍ തള്ളിനീക്കി. 

'ഞങ്ങളുടെയെല്ലാം കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ഒന്നിനും റേഞ്ച് ഉണ്ടായിരുന്നില്ല. വാക്കി-ടോക്കിയും പ്രവര്‍ത്തിക്കാതെയായി. ആദ്യത്തെ നാലു മണിക്കൂര്‍ ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു', രോഹ്താസില്‍ നിന്നുള്ള സുനില്‍ കുമാര്‍ പറഞ്ഞു. 

തങ്ങള്‍ ഇതിനകത്ത് ജീവിച്ചിരിപ്പുണ്ടെന്ന് പുറത്തുള്ളവരെ അറിയിക്കുക എന്നതായിരുന്നു ആദ്യത്തെ വലിയ വെല്ലുവിളി. സാധാരണ ആശയവിനിമയ മാര്‍ഗങ്ങളെല്ലാം നഷ്ടമായതിനാല്‍ മറ്റൊന്ന് കണ്ടത്തേണ്ടിവന്നു. മെഷിനുകള്‍ തണുപ്പിക്കാനായി പുറത്തുനിന്നും വെള്ളം എത്തിക്കാനും നിര്‍മ്മാണം നടക്കുന്ന മേഖലയിലെ പാറക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനുമായി മൂന്നും നാലും ഇഞ്ച് വ്യാസമുള്ള പൈപ്പുകള്‍ തുരങ്കത്തില്‍ നിന്ന് പുറത്തേക്ക് നേരത്തെ ഘടിപ്പിച്ചിരുന്നു. ഇതോടെ പുറത്തുനിന്നുള്ള എന്‍ജിനീയര്‍മാര്‍ക്ക് തങ്ങള്‍ അപകടത്തിലാണെന്ന് മനസിലാക്കാനായി ഓരോ അഞ്ചുമിനുറ്റും പൈപ്പില്‍ നിന്നുള്ള വെള്ളം തൊഴിലാളികള്‍ നിര്‍ത്തിവെച്ചു. 

'തുരങ്കത്തിനകത്ത് വൈദ്യുതിയും വെളിച്ചവും ഉണ്ടായിരുന്നു. എന്നാല്‍, ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയുമോയെന്ന ഭയമുണ്ടായിരുന്നു. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം എന്‍ജിനീയര്‍മാര്‍ ഞങ്ങളുടെ പ്രവൃത്തി ശ്രദ്ധിക്കുകയും ഈ പൈപ്പിലൂടെ ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. ഞങ്ങള്‍ സുരക്ഷിതരാണോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍, ഞങ്ങള്‍ക്ക് അവരെയും അവര്‍ക്ക് ഞങ്ങളെയും കേള്‍ക്കാമെന്നതായിരുന്നു ആശ്വാസം', നായക് പറഞ്ഞു. 

ആദ്യ കുറച്ചുദിവസങ്ങളില്‍ ആ നാലിഞ്ച് പൈപ്പിലൂടെയാണ് ജീവിച്ചതെന്ന് പറയാം. ഓക്‌സിജനും ഭക്ഷണവുമെല്ലാം ഇതിലൂടെ പുറത്തുനിന്ന് എത്തിച്ചുതന്നു. അണ്ടിപ്പരിപ്പ്, വറുത്ത അരി, ഉണക്കമുന്തിരി എന്നിവയൊക്കെയായിരുന്നു ലഭിച്ചിരുന്നത്.

'നവംബര്‍ 12-നും 13-നും ആരും ഒന്നും കഴിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം അപകടം ഉണ്ടായതിന്റെ ഞെട്ടലില്‍ ഞങ്ങളെല്ലാം ക്ഷീണിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസം കഴിഞ്ഞ് ഞങ്ങള്‍ക്ക് വിശക്കാന്‍ തുടങ്ങിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. രാവിലെയും ഉച്ചയ്ക്കും രാത്രിയുമെല്ലാം വറുത്ത അരിയായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം വന്നില്ലെങ്കിലും ഓക്‌സിജന്‍ ലഭിച്ചാല്‍ മതിയെന്നായിരുന്നു ഞങ്ങൾക്ക്', നായക് കൂട്ടിച്ചേര്‍ത്തു. 

രണ്ടു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ടണലിനുള്ളിലെ ഓക്‌സിജന് പരിധിയുണ്ടായിരുന്നു. അതിനാല്‍ ഓക്‌സിജന്‍ തന്നെയായിരുന്നു ഏറ്റവും പ്രധാനം. തങ്ങളില്‍ ചിലര്‍ക്ക് ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടായിരുന്നുവെന്നും 18 മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചെറിയ പൈപ്പുകളിലൂടെ ഓക്‌സിജന്‍ നല്‍കാന്‍ തുടങ്ങിയതോടെ ആ പ്രശ്‌നം ഇല്ലാതായെന്നും അവര്‍ ചൂണ്ടിക്കാട്ടി.  

ചിലർക്ക് ഛര്‍ദ്ദി, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടായി. 'ഒരേ ഭക്ഷണം എല്ലാ ദിവസവും ഒരാള്‍ക്കും കഴിക്കാനാവില്ല. രണ്ടോ, മൂന്നോ കിലോ ഉണക്കമുന്തിരി ഞങ്ങള്‍ കഴിക്കാതെ ബാക്കിയായിട്ടുണ്ട്. അതുചിലപ്പോള്‍ ഇപ്പോഴും അവിടെയുണ്ടാകും', ബീഹാറില്‍ നിന്നുള്ള സബ അഹ്‌മദ് പറഞ്ഞു. 

മൊബൈല്‍ ഫോണിന് ചാര്‍ജ് ഇല്ലാത്തതിനാല്‍ സമയം പോകാൻ മാർഗമില്ലായിരുന്നു. ചിലര്‍ കള്ളനും പോലീസും കളിച്ചാണ് സമയം ചെലവഴിച്ചത്. സമയം നോക്കാന്‍ വേണ്ടി മാത്രമാണ് തങ്ങള്‍ ആദ്യ ദിവസങ്ങളില്‍ ഫോണ്‍ ഉപയോഗിച്ചതെന്നും തൊഴിലാളികൾ പറയുന്നു.

എന്നാല്‍, ഒന്‍പതു ദിവസങ്ങള്‍ക്കുശേഷം ചെറിയൊരു വഴിത്തിരിവുണ്ടായി. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആറ് ഇഞ്ച് പൈപ്പ് അവര്‍ക്കടുത്തേക്ക് വന്നു. മനുഷ്യന് കടന്നുപോവാനാവില്ലെങ്കിലും പാകംചെയ്ത ഭക്ഷണങ്ങളും വെള്ളവും മൊബൈല്‍ ഫോണ്‍ ചാര്‍ജറും എന്‍ഡോസ്‌കോപിക് ക്യാമറയുമെല്ലാം കടത്തിവിടാനായി. തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് ലോകത്തോട് പറഞ്ഞതും തൊഴിലാളികള്‍ക്ക് പുതിയൊരു പ്രതീക്ഷ നല്‍കിയതും ഈ ക്യാമറയായിരുന്നു. 

51-കാരനായ ഗുലാബ് സിങ് നേഗിയുടെയും 34-കാരനായ സാബ അഹമദിന്റെയും നേതൃത്വത്തില്‍ കൃത്യമായ ദിനചര്യയും ഇതിനോടകം തൊഴിലാളികള്‍ നടപ്പിലാക്കിയിരുന്നു. 'ഞങ്ങളെല്ലാവരും രാവിലെ എഴുന്നേറ്റ് ആ രണ്ടു കിലോമീറ്ററിനുള്ളില്‍ പ്രഭാതസവാരി നടത്തും. യോഗ ചെയ്യാനും ഞങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിച്ചിരുന്നു. അതിനുശേഷം ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കും. ആദ്യം ഉണക്കമുന്തിരി ഒക്കെയായിരുന്നെങ്കില്‍ പിന്നീട് ബ്രഡ്, ജാം, മുട്ട, കിച്ചടി, പഴങ്ങള്‍ എന്നിവയെല്ലാം കിട്ടാന്‍ തുടങ്ങി. ചാര്‍ജര്‍ ലഭിച്ചതോടെ എല്ലാവരും മൊബൈല്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍, ഞാന്‍ പഴയ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ കാണുകയായിരുന്നു', സാബ പറഞ്ഞു. 

തുരങ്കം മൂലധാതുക്കളാല്‍ നിറഞ്ഞതിനാല്‍ അതിനകത്ത് ചൂടോ തണുപ്പോ ഉണ്ടായിരുന്നില്ല. വെള്ളം അവിടെ ഉണ്ടായിരുന്നെങ്കിലും അതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. പാറകളില്‍ നിന്നും ചരിഞ്ഞുവീഴുന്ന വെള്ളമാണ് തങ്ങള്‍ ആദ്യ ഒന്‍പത് ദിവസം കുടിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

വെള്ളമില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതായിരുന്നു ആദ്യ ദിവസങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നം. 'നവംബര്‍ 11-നാണ് ഞാന്‍ അവസാനമായി കുളിച്ചത്. പാറമുകളില്‍ നിന്ന് വരുന്ന വെള്ളത്തിന് രാസപദാര്‍ഥങ്ങളുടെ അംശമുള്ളതിനാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന പേടിയുണ്ടായിരുന്നു. എന്നിട്ടും ആ വെള്ളത്തില്‍ ചിലരെല്ലാം കുളിച്ചു', അഹമദ് പറഞ്ഞു. 

തുരങ്കത്തിന്റെ ഒരു കോണില്‍ മെഷിന്‍ ഉപയോഗിച്ച് 50-60 കുഴികള്‍ ഉണ്ടാക്കിയാണ് തൊഴിലാളികള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സ്ഥലം ഉണ്ടാക്കിയത്. മലവിസര്‍ജ്ജനം നടത്തിയ ശേഷം ഈ കുഴികള്‍ മണ്ണിട്ടുമൂടും. അതുപോലെ ജിയോടെക്‌സ്റ്റൈല്‍ ഷീറ്റുകള്‍ വിരിച്ചായിരുന്നു ഉറങ്ങിയിരുന്നത്. എന്നാല്‍, ഈ ദിവസങ്ങളില്‍ ആരും നന്നായി ഉറങ്ങിയിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

'മരണം നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് നന്നായി ഉറങ്ങാനോ കഴിക്കാനോ കഴിയില്ല. പുലര്‍ച്ചെ നാല്- അഞ്ചു മണിക്കാവും ഉറങ്ങാന്‍ തുടങ്ങുക. എട്ട് ആകുമ്പോഴേക്കും പുറത്തും നിന്നും പൈപ്പിലൂടെ ആളുകള്‍ സംസാരിക്കും. എല്ലാ ദിവസവും രാത്രി 10-നും 11-നും ഇടയില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു പ്രാര്‍ഥിക്കുമായിരുന്നു', ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്ത് അഹ്‌മദ് പറഞ്ഞു. 

രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങൾ | ഫോട്ടോ: ANI

രക്ഷാപ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ തൊഴിലാളികള്‍ക്ക് ഓരോ ദിവസവും പ്രതീക്ഷയുടേതായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ തങ്ങളുടെ എത്ര അടുത്തെത്തിയെന്ന് തൊഴിലാളികളെ അറിയിക്കുന്നുണ്ടായിരുന്നു. ക്യാമറ, ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ എന്നിവയെല്ലാം എത്തിയതും വലിയ ആശ്വാസമായി. ഇതുവഴി തൊഴിലാളികൾക്ക് തങ്ങളുടെ കുടുബാംഗങ്ങളോട് സംസാരിക്കാനായി. 

എന്നാല്‍, നവംബര്‍ 28-ന്, 55 മീറ്റര്‍ ദൂരം പൈപ്പ് കടത്തിവിട്ടെങ്കിലും മറുവശത്ത് എത്തിയില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ മൈക്രോഫോണിലൂടെ അറിയിച്ചപ്പോള്‍ പൈപ്പ് മുകളിലേക്കാണ് പോയതെന്നുകരുതി തൊഴിലാളികള്‍ ശരിക്കും ഭയപ്പെട്ടു. എങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെ അവശിഷ്ടങ്ങള്‍ക്ക് ഇളക്കം വീഴുന്നത് അവര്‍ അറിഞ്ഞു. പിന്നെയും അഞ്ചര മണിക്കൂറിന് ശേഷമാണ് പുറത്തേക്കുള്ള വഴി തുറക്കപ്പെട്ടത്.

നവംബര്‍ 28 രാത്രിയോടെ, പതിനേഴ് ദിവസത്തെ അനിശ്ചിതാവസ്ഥകൾക്കും ജീവഭയത്തിനും ശേഷം അവർ ജീവിതത്തിലേക്ക് തിരിച്ചുകയറി. ജീവവായു ശ്വസിച്ചു, മനുഷ്യരെ കണ്ടു. ആ നിമിഷം അവര്‍ക്കൊപ്പം ഇന്ത്യയിലെ മുഴുവന്‍ ജനതയും ആഘോഷമാക്കി. ഇന്നവര്‍ തങ്ങളുടെ അതിജീവനത്തിന്റെ കഥ പറയുന്നു; ഭയത്തിന്റെ, പ്രതീക്ഷയുടെ, ഒത്തൊരുമയുടെ അതിജീവനകഥ.

Content Highlights: Uttarkashi tunnel rescue