ടണലിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളുടെ അടുത്തെത്താന്‍ ഇനി 5 മീറ്റര്‍ ദൂരംകൂടി; കാത്തിരിപ്പോടെ രാജ്യം

തുരങ്കത്തിനുപുറത്ത് നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ | ഫോട്ടോ: പി.ടി.ഐ.
തുരങ്കത്തിനുപുറത്ത് നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ | ഫോട്ടോ: പി.ടി.ഐ.

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന സില്‍കാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്. ഇടിഞ്ഞ ടണലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്താന്‍ ഇനി 5-6 മീറ്റര്‍ കൂടി തുരന്നാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു. 57 മീറ്റര്‍ ആണ് തൊഴിലാളികള്‍ക്കടുത്തേക്കുള്ള ദൂരം. ഇതില്‍ 51.5 മീറ്റര്‍ ദൂരം നിലവില്‍ പിന്നിട്ടു. ഇതോടെ അധികംവൈകാതെ തന്നെ മുഴുവന്‍ പേരേയും പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. 

'കഴിഞ്ഞ ദിവസം രാത്രി കാര്യങ്ങള്‍ നല്ല രീതിയില്‍ നടന്നു. തുരങ്കത്തിനുള്ളില്‍ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ശുഭകരമാണ്. ഇതുവരെ 50 മീറ്റര്‍ പിന്നിട്ടു. ഇനി 5-6 മീറ്റര്‍ ദൂരം കൂടി മാത്രമേ തുരക്കാനുള്ളു', സംഭവസ്ഥലത്തുള്ള മൈക്രോ ടണലിങ്ങ് വിദഗ്ധന്‍ ക്രിസ് കൂപ്പര്‍ പറഞ്ഞു. 

തുരങ്കത്തില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഓഗര്‍ യന്ത്രത്തിന്റെ ബ്ലേഡുകള്‍ കഴിഞ്ഞ ദിവസം പൂര്‍ണമായും നീക്കിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും ദ്രുതഗതിയില്‍ പുരോഗമിച്ചത്. 80 സെന്റീമീറ്റര്‍ വ്യാസമുള്ള ഇരുമ്പ് പൈപ്പിനുള്ളിലേക്ക് റാറ്റ് ഹോള്‍ മൈനേഴ്സിന്റെ വിദഗ്ധസംഘം കടന്നെത്തി തടസ്സങ്ങള്‍ നീക്കുന്ന മാനുവല്‍ ഡ്രില്ലിങ് ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താന്‍ ഇനി 5-6 മീറ്റര്‍ ദൂരം കൂടിയേ പൈപ്പ് നീക്കാനുള്ളുവെങ്കിലും ഇതിന് എത്ര സമയമെടുക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

ഇതിനിടെ മലയുടെ മുകളില്‍നിന്നുതാഴേക്ക് തുരന്ന് കുഴല്‍ ഘടിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ആകെ 82 മീറ്റര്‍ കുഴിക്കേണ്ടതില്‍ 40 ശതമാനത്തോളം ജോലികള്‍ ചൊവ്വാഴ്ച രാവിലെയോടെ പൂര്‍ത്തിയായി. തുരങ്കത്തിനുമുകളില്‍നിന്ന് 80-120 സെന്റീമീറ്റര്‍വരെ വ്യാസമുള്ള ഉരുക്കുകുഴലുകളാണ് ഇടുക. അടുത്ത രണ്ടുദിവസം മഴയോ മഞ്ഞുവീഴ്ചയോ മറ്റുതടസ്സങ്ങളോ ഉണ്ടായില്ലെങ്കില്‍ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കടുത്തേക്ക് എത്താനാകും. തുരങ്കത്തിനുള്ളിലൂടെ തുരന്നുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമായില്ലെങ്കില്‍ ഈ കുഴലിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്നാണ് ലക്ഷ്യമിടുന്നത്. 

ചൊവ്വാഴ്ച രാവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിലെ പുരോഗതികള്‍ വിലയിരുത്തിയിരുന്നു. തുരക്കല്‍ 52 മീറ്ററോളം പൂര്‍ത്തിയായതായും രക്ഷാപ്രവര്‍ത്തനം ഈ നിലയില്‍ പുരോഗമിച്ചാല്‍ ഉടന്‍തന്നെ ലക്ഷ്യത്തിലെത്താമെന്നാണ് പ്രതീക്ഷയെന്നും ധാമി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലത്തുള്ള വിദഗ്ധരും എന്‍ജിനിയര്‍മാരും മറ്റുള്ളവരും രക്ഷാപ്രവര്‍ത്തിനത്തിനായി അവരുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Uttarkashi trapped workers 5 metres away, rat-hole mining experts closing in