നീരജിന്റെ മേല്‍നോട്ടം, അമേരിക്കന്‍ ആഗര്‍, കൂപ്പര്‍; വെളിച്ചം തെളിച്ചെത്തിയ റാറ്റ്‌ഹോള്‍ മൈനിങ്

Photo | ANI
Photo | ANI

പതിനേഴ് ദിവസങ്ങള്‍ക്കുശേഷം ആ 41 പേര്‍ പുറംവെളിച്ചം കണ്ട ദിവസമാണിന്ന്. ഒരു കാരാഗൃഹത്തിലെന്നപോലെ, ഉത്തരാഖണ്ഡിലെ സില്‍കാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു അവര്‍ ഇത്രയും നാള്‍. സാധ്യമായ വിധത്തിലെല്ലാം അവരെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പല തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ഹിമാലയന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും യന്ത്രങ്ങള്‍ വഴിമുട്ടിയതും, തകരാറു പറ്റി കേടായതും കാരണം രക്ഷാശ്രമങ്ങള്‍ പലപ്പോഴും തടസ്സം നേരിട്ടു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, മറ്റു ഉന്നതോദ്യോഗസ്ഥര്‍, വിദേശത്തുനിന്നടക്കം എത്തിച്ച വിദഗ്ധ തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങി ഒരു പറ്റം ആളുകള്‍ കഴിഞ്ഞ 17 ദിവസമായി അഹോരാത്രം പണിയെടുക്കുകയായിരുന്നു. രാജ്യമൊട്ടുക്ക്‌ ആ 41 പേരുടെ അപകടത്തില്‍ ദുഃഖിച്ചു. അവരുടെ രക്ഷയ്ക്കായി പ്രാര്‍ഥിച്ചു. സഹായങ്ങളും ഉപദേശങ്ങളും നിരവധി തേടി. 

ഒടുക്കം അവശിഷ്ടങ്ങള്‍ക്കിടയിലൂടെ മുന്നേറി അവരെ പുറത്തെത്തിക്കുകതന്നെ ചെയ്തു. 400-ല്‍പ്പരം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനും ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കുമാണ് ഇതോടെ അറുതിയായത്. പുറംവെളിച്ചം കണ്ട സന്തോഷത്തിനൊപ്പം ശ്വാസം നേരെ വീണ ആശ്വാസത്തിലും കൂടിയാണിപ്പോള്‍ ആ തൊഴിലാളികള്‍.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന സില്‍കാര തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നത് നവംബര്‍ 12-ന്. 41 തൊഴിലാളികള്‍ അതിനകത്ത് കുടുങ്ങി. അതിദ്രുതം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുരങ്കത്തില്‍ അകപ്പെട്ടവര്‍ക്ക് ഓക്‌സിജന്‍, ഭക്ഷണം, വെള്ളം എന്നിവ പ്രത്യേകമായ സംവിധാനമുണ്ടാക്കി അകത്തെത്തിച്ചു. രക്ഷാശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടാം. 

നീരജ് ഖൈര്‍വലിന്റെ മേല്‍നോട്ടം

രക്ഷാപ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടച്ചുമതല ഐ.എ.എസ്. ഉദ്യോഗസ്ഥനായ നീരജ് ഖൈര്‍വലിനായിരുന്നു. സില്‍കാര ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായി ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ പത്തുദിവസമായി ഈ പദവിയിലിരുന്ന് അദ്ദേഹം അശ്രാന്ത പരിശ്രമങ്ങള്‍ നടത്തി. ദുരന്തമുഖത്തെ ഓരോ നീക്കങ്ങളും അവയുടെ തുടര്‍ഫലങ്ങളും അതതു സമയങ്ങളില്‍ത്തന്നെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ സെക്രട്ടറി പദംകൂടി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് നീരജ്. 

ക്രിസ് കൂപ്പറിന്റെ വരവ്‌

തുരങ്കനിര്‍മാണത്തില്‍ അതീവ വൈദഗ്ധ്യമുള്ള ക്രിസ് കൂപ്പറിനെ ദുരന്തമുഖത്തെത്തിക്കലായിരുന്നു അടുത്ത നടപടി. ഈ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവജ്ഞാനമുള്ള വ്യക്തിയാണ് അദ്ദേഹം. കൂപ്പറിന്റെ വിദഗ്‌ധോപദേശങ്ങളും കരുത്തുറ്റ നീക്കങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഫലം ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നവംബര്‍ 18-ന് അദ്ദേഹത്തെ ഉത്തരാഖണ്ഡിലെത്തിച്ചത്.

സിവില്‍ എന്‍ജിനീയറിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍, മെട്രോ ടണലുകള്‍, വലിയ ഗുഹകള്‍, ഡാമുകള്‍, റെയില്‍വേ, മൈനിങ് പ്രൊജക്ടുകള്‍ എന്നീ രംഗത്ത് നൈപുണ്യമുള്ള ചാര്‍ട്ടേഡ് എന്‍ജിനീയറാണ് കൂപ്പര്‍. ഋഷികേശ് കരണ്‍പ്രയാഗ് റെയില്‍ പദ്ധതിയുടെ അന്താരാഷ്ട്ര കണ്‍സല്‍ട്ടന്റ് കൂടിയാണ് അദ്ദേഹം. 

വിരമിച്ച സൈനികന്റെ മേല്‍നോട്ടത്തില്‍ ശ്രമം

ലഫ്റ്റനന്റ് ജനറലായി വിരമിച്ച സയ്യിദ് അതാ ഹസ്‌നൈന്റെ സേവനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം കൂടിയായ അദ്ദേഹം, ആ നിലയിലാണ് ചുമതലയേറ്റത്. ഹസ്‌നൈന്‍ മുന്‍പ് ശ്രീനഗറില്‍ വിന്യസിച്ചിരുന്ന ഇന്ത്യന്‍ സേനയുടെ ജി.ഒ.സി. 15 കോര്‍പറേഷനില്‍ അംഗമായിരുന്നു. 

അമേരിക്കന്‍ ആഗറുമായി അര്‍നോള്‍ഡ് ഡിക്‌സെത്തി

തദ്ദേശീയമായ ഡ്രില്ലിങ് മെഷിനുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം വിലപ്പോവാത്തതിനെത്തുടര്‍ന്ന് അമേരിക്കന്‍ ഡ്രില്ലിങ് മെഷിനായ അമേരിക്കന്‍ ആഗര്‍ ഉത്തരാഖണ്ഡിലെത്തിച്ചായിരുന്നു തുടര്‍നീക്കം. ശാസ്ത്രീയ ഗവേഷകനും അണ്ടര്‍ഗ്രൗണ്ട് ടണലിങ് വിദഗ്ധനുമായ അര്‍നോള്‍ഡ് ഡിക്‌സിനായിരുന്നു ഇതിന്റെ പ്രവര്‍ത്തനച്ചുമതല. തുരങ്കത്തിന് തിരശ്ചീനമായി തുരക്കുന്ന രീതിയായിരുന്നു അമേരിക്കന്‍ ആഗര്‍ അവലംബിച്ചത്. രക്ഷാപ്രവര്‍ത്തനത്തിലെ ഏറ്റവും ഫലപ്രദമായ മാര്‍ഗവും ഡിക്‌സ് പരിശോധനയിലൂടെ വിലയിരുത്തിയിരുന്നു. 

ഒടുവില്‍ ക്ലിക്കായത് റാറ്റ് ഹോള്‍ മൈനിങ്

ഒടുവില്‍ മധ്യപ്രദേശില്‍നിന്നെത്തിച്ച റാറ്റ് ഹോള്‍ മൈനിങ്‌ വിദഗ്ധരെത്തിയാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇടുങ്ങിയ 800 എം.എം. പൈപ്പിലൂടെ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു ഇവരുടെ നീക്കം. 

സംസ്ഥാന - കേന്ദ്ര ഏജന്‍സികള്‍, പ്രാദേശിക ഡ്രില്ലിങ് വിദഗ്ധര്‍, പരിസ്ഥിതി വിദഗ്ധര്‍, എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്. സംഘങ്ങള്‍, ഇന്ത്യന്‍ ആര്‍മി എന്നിവരെക്കൂടി സ്ഥലത്ത് വിന്യസിച്ചിരുന്നു. അവശ്യമായ ശുശ്രൂഷകള്‍ക്ക് പുറത്ത് ഡോക്ടര്‍മാരുടെ സംഘത്തെ നിര്‍ത്തുകയും ആളെണ്ണം കണക്കിന് ബെഡുകള്‍ സജ്ജമാക്കുകയും ചെയ്തു.
 

Content Highlights: uttarakhand tunnel collapse, meet team behind rescue ops to extract 41 workers