‘കൊലപാതക ഗൂഢാലോചന, ആദ്യവിവാഹം മറച്ചുവെച്ചു’; ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്ക്
രേഖ ആര്യ, ഗിര്‍ധാരി ലാല്‍ സാഹു
രേഖ ആര്യ, ഗിര്‍ധാരി ലാല്‍ സാഹു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവിനെ ഉത്തർപ്രദേശിലെ ഝാൻസിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനം, വഞ്ചന, ജാതി അധിക്ഷേപം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് അറസ്റ്റ്. മന്ത്രിയാണ് പരാതിക്കാരി. കേസിൽ സാഹുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സാഹുവിന്റെ സഹായി സതേന്ദ്ര റാത്തോഡിനെയും ഉത്തർപ്രദേശിലെ ബറേലിയിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡെറാഡൂണിലെ കാന്റ് പോലീസ് സ്റ്റേഷനിൽ ഒക്ടോബർ 15-ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ സാഹു ഒളിവിൽ പോയിരുന്നു. ആദ്യ വിവാഹവും അതിൽ മക്കളുമുള്ള കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നാണ് വനിതാ ശാക്തീകരണ-ശിശുവികസന വകുപ്പ് മന്ത്രി രേഖ ആര്യയുടെ ആരോപണം. തനിക്ക് മക്കൾ ജനിച്ചതിനുശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. ജീവനക്കാരുടെ സാന്നിധ്യത്തിൽ ഭർത്താവ് ജാതി അധിക്ഷേപം നടത്തിയെന്നും തന്റെ അറിവോ സമ്മതമോ കൂടാതെ നാല് കമ്പനികളിലെ ഡയറക്ടർ സ്ഥാനത്തുനിന്ന് തന്നെ നീക്കാൻ സാഹു ഗൂഢാലോചന നടത്തിയെന്നും മന്ത്രി ആരോപിച്ചിട്ടുണ്ട്.

എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് രേഖ ആര്യ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. സാഹുവിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശവും ഇതിലുൾപ്പെടുത്തിയിരുന്നു.

എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച സാഹു, പിന്നീട് വീഡിയോ പുറത്തുവിടുകയും കേസ് പിൻവലിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. രേഖ ആര്യയ്ക്ക് 210 കോടി രൂപയുടെ അനധികൃത സ്വത്തുക്കളുണ്ടെന്നും സാഹു ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയോട് ആവശ്യപ്പെടുകയും ചെയ്തു. രേഖ ആര്യ പുറത്തുവിട്ട ശബ്ദസന്ദേശം എ.ഐ.ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും കുടുംബബന്ധം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സാഹു ആരോപിച്ചിരുന്നു.

Content Highlights: Uttarakhand cabinet minister Rekha Arya's husband Girdhari Lal Sahu arrested in Jhansi., Charges include murder conspiracy, fraud, assault, and caste abuse., Sahu was on the run since October 15 after an FIR was registered., Sahu denies allegations, claiming the audio clip was AI-generated.