ഉത്തരാഖണ്ഡ് ദുരന്തം: മലയാളി സൈനികനേയും തീര്‍ഥാടക സംഘത്തെയും ബന്ധപ്പെടാനാകുന്നില്ല; ആശങ്ക

ദെഹ്‌റാദൂണ്‍: മേഘവിസ്‌ഫോടനവും മിന്നല്‍പ്രളയവും ഉണ്ടായ ഉത്തരാഖണ്ഡില്‍ മലയാളി സൈനികനെ കാണാതായതായി റിപ്പോർട്ട്. ഇതിനോടൊപ്പം മലയാളി തീര്‍ഥാടകര്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഹരിദ്വാറില്‍ കാണാതായവരില്‍ മലയാളി സൈനികനായ പയ്യന്നൂർ സ്വദേശി ശ്രീകാന്ത് ഉള്‍പ്പെടുന്നതായി ബന്ധുവായ ശ്രീജിത് അറിയിച്ചു. ശ്രീകാന്തിനെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് ശ്രീജിത് പറഞ്ഞു.
ദുരന്തമുണ്ടാകുന്ന സമയത്ത് ശ്രീകാന്ത് വീട്ടിലേക്ക് വിളിച്ചതായും താനുള്‍പ്പെടുന്ന സംഘത്തിന്റെ ക്യാമ്പൊക്കെ ഒലിച്ചുപോയതായും തങ്ങള്‍ അടിയന്തരമായി അവിടെ നിന്ന് മാറുകയാണെന്നും പറഞ്ഞതായി ശ്രീജിത് പറയുന്നു. പിന്നീട് മൂന്നുമണിയോടെ വിളിച്ചപ്പോള്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ശ്രീജിത് കൂട്ടിച്ചേര്‍ത്തു. രാത്രി മുഴുവന്‍ വിളിച്ചുനോക്കിയിരുന്നതായും ശ്രീജിത് പറഞ്ഞു. ശ്രീകാന്ത് 20 വര്‍ഷമായി സൈന്യത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉത്തരാഖണ്ഡിലാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. ഒന്‍പത് സൈനികരെ കാണാനില്ലെന്ന വാര്‍ത്തകളെ തുടര്‍ന്ന് ആശങ്കയിലാണ് ബന്ധുക്കള്‍.
അതേസമയം മുംബൈയില്‍ നിന്നുള്ള 28 അംഗ മലയാളി തീര്‍ഥാടകസംഘം ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിയതായി മറ്റൊരു റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 20 പേര്‍ മുംബൈ മലയാളികളാണ്. കേരളത്തില്‍ നിന്ന് പോയ എട്ടുപേരും സംഘത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്നുള്ള പ്രതീക്ഷ ബന്ധുക്കള്‍ പങ്കുവെച്ചു. ദുരന്തം നടക്കുന്നതിന് മുന്‍പ് ഇവര്‍ പ്രദേശം കടന്നതായി ബന്ധുക്കള്‍ പറയുന്നു. അപകടത്തിനുശേഷം ഇവരെ ഫോണില്‍ ബന്ധപ്പെടാനാകുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. ഇവര്‍ അവസാനം നെറ്റ് വര്‍ക്കിലുണ്ടായിരുന്ന സ്ഥലം ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ധരാലിയില്‍ ഉണ്ടായ മിന്നല്‍പ്രളയത്തില്‍ നിരവധി കെട്ടിടങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ലെന്നാണ് ദുരന്തനിവാരണസേനയുടെ ഏറ്റവും ഒടുവിലത്തെ പ്രതികരണം.
Content Highlights: A Malayali soldier is reported missing and a group of Malayali pilgrims are stranded in Uttarakhand