157 അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയുടെ മൂന്നാമത്തെ വിമാനം ഇന്നെത്തും

ന്യൂഡല്‍ഹി:അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള അമേരിക്കന്‍ സേനാ വിമാനം ഇന്ന് അമൃത്സര്‍ വിമാനത്താവളത്തിലിറങ്ങും. ഇത് മൂന്നാമത്തെ ബാച്ച് കുടിയേറ്റക്കാരെയാണ് അമേരിക്ക ഇന്ത്യയിലേക്ക് തിരികെ അയയ്ക്കുന്നത്. ഇന്ന് വൈകിട്ട് വരുന്ന വിമാനത്തില്‍ 157 പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ അധികവും ഹരിയാണ സ്വദേശികളാണെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച 119 പേരുമായി അമേരിക്കന്‍ സേനാ വിമാനം അമൃത്സറിലെത്തിയിരുന്നു. ഇതില്‍ 67 പേര് പഞ്ചാബ് സ്വദേശികളും 33 പേര്‍ ഹരിയാണ സ്വദേശികളുമായിരിന്നു. ഗുജറാത്തില്‍ നിന്നുള്ള എട്ടുപേര്‍, യു.പി, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ വീതവും ശനിയാഴ്ച വന്ന വിമാനത്തിലുണ്ടായിരുന്നു.
ശനിയാഴ്ച എത്തിയ സംഘത്തിലെ രണ്ടുപേരെ ഒരു കൊലക്കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ആദ്യത്തെ ബാച്ച് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. അനധികൃത കുടിയേറ്റക്കാരെ കൈകളില്‍ വിലങ്ങണിയിച്ച് സീറ്റില്‍ ബന്ധിച്ചാണ് കൊണ്ടുവരുന്നത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടുത്ത വിമാനം വരുന്നത്. ഈ ആഴ്ചക്കുള്ളില്‍ മൂന്ന് ബാച്ചുകളായി കുടിയേറ്റക്കാരെ എത്തിക്കുമെന്നാണ് വിവരങ്ങള്‍.
Content Highlights: A US Air Force plane carrying 157 Indian migrants deported from the US will land in Amritsar today