സിഖുകാരുടെ തലപ്പാവ് അഴിപ്പിച്ചു, ചങ്ങല കൊണ്ട് സീറ്റിൽ ബന്ധിച്ചു; നാടുകടത്തൽ രീതിയിൽ വൻ എതിർപ്പ്‌

ഇന്ത്യക്കാരുമായെത്തിയ യു.എസ്. സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയപ്പോള്‍ | Photo: PTI
ഇന്ത്യക്കാരുമായെത്തിയ യു.എസ്. സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയപ്പോള്‍ | Photo: PTI

അമൃത്സര്‍: അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച രീതിയില്‍ വീണ്ടും വിവാദം. കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റില്‍ ബന്ധിച്ചുമാണ് ഇന്ത്യയിലെത്തിച്ചത്. ഇതിന് പുറമെ സിഖ് മതവിശ്വാസികള്‍ക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാനും അനുവദിച്ചില്ല എന്നതാണ് പുതിയ വിവാദം. 

അമേരിക്കന്‍ വ്യോമസേനാ വിമാനത്തില്‍ കയറിയപ്പോള്‍ തങ്ങളെ തലപ്പാവ് അണിയാന്‍ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരന്‍  വെളിപ്പെടുത്തി. ഇതിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കയില്‍ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നാണ് ഒരാള്‍ വെളിപ്പെടുത്തിയത്.  യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട് അമൃത്‌സർ വിമാനത്താവളത്തിലെത്തിയവരെ സഹായിക്കാനെത്തിയ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങള്‍ ടര്‍ബന്‍ നല്‍കുകയും ചെയ്തു. 

ഞായറാഴ്ച രാത്രി എത്തിയ വിമാനത്തില്‍ 31 പഞ്ചാബുകാരാണ് ഉണ്ടായിരുന്നത്. 44 പേര്‍ ഹരിയാണ സ്വദേശികളും 33 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരുമായിരുന്നു. ആകെ 112 പേരെയാണ് ഞായറാഴ്ച ഇന്ത്യയിലെത്തിച്ചത്. ഈ സംഘത്തില്‍ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്‌സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി. ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്. 

Content Highlights: 112 Indian deportees, including Sikhs, arrived in Amritsar after facing alleged mistreatment