സൗദിക്ക് 48 എഫ്-35 യുദ്ധവിമാനം വിൽക്കാനുള്ള യു.എസ് കരാറിൽ എതിർപ്പുമായി ഇസ്രയേൽ

#ന്യൂസ് ഡെസ്ക്
എഫ്.35 യുദ്ധവിമാനം | Photo:AP
എഫ്.35 യുദ്ധവിമാനം | Photo:AP

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം ആളുന്നതിനിടെ, സൗദി അറേബ്യക്ക്‌ 48 എഫ്-35 ലൈറ്റ്‌നിങ് 2 യുദ്ധവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിനുള്ള ആയുധക്കരാറിന് യു.എസ്. വിദേശകാര്യവകുപ്പ് അനുമതി നൽകി. 2430 കോടി ഡോളറിന്റേതാണ് (2.3 ലക്ഷം കോടി രൂപ) ഈ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാന ഇടപാട്. യു.എസ്. കോൺഗ്രസ് അംഗീകരിച്ചാലേ തീരുമാനം അന്തിമമാകൂ.

48 വിമാനങ്ങൾക്കായി 49 പ്രാറ്റ്് ആൻഡ് വൈറ്റ്‌നി എഫ്135-പി.ഡബ്ല്യു.-100 എൻജിനുകൾ പാക്കേജിലുണ്ട്. ഒപ്പം ആയുധ സംവിധാനങ്ങൾ, പരിശീലന ഉപകരണങ്ങൾ, സിമുലേറ്ററുകൾ, സോഫ്‌റ്റ്‍വേറുകൾ, സ്‌പെയർ പാർട്‌സ്, ലോജിസ്റ്റിക് പിന്തുണ, ആശയവിനിമയ, ഗതിനിർണയ സംവിധാനങ്ങൾ എന്നിവയും കരാറിൽ ഉൾപ്പെടും.

ഗൾഫ് മേഖലയുടെ രാഷ്ട്രീയസ്ഥിരതയിലും സാമ്പത്തികപുരോഗതിയിലും പ്രധാന പങ്കുവഹിക്കുന്ന സൗദി അറേബ്യയെ സൈനികമായി ശക്തിപ്പെടുത്തുന്ന ഈ ഇടപാട് യു.എസിന്റെ വിദേശ, ദേശസുരക്ഷാ നയങ്ങൾക്ക് കരുത്തുപകരുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഭൂപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും യു.എസ്., നാറ്റോ സൈന്യങ്ങളുമായുള്ള പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനും നിലവിലും ഭാവിയിലുമുള്ള ഭീഷണികളെ ചെറുക്കുന്നതിനും കരാർ സൗദിയെ സഹായിക്കുമെന്നും പറഞ്ഞു.

ടെക്‌സസിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി ആണ് എഫ്-35 വിമാനങ്ങളുടെ പ്രധാന കരാറുകാരൻ.

യെമെനിലെ ഹൂതിവിമതരും സൗദിയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ആയുധ ഇടപാട്. യാഥാർഥ്യമായാൽ എഫ്-35 സ്വന്തമാക്കുന്ന ആദ്യ അറബ് രാജ്യമാകും സൗദി.

എതിർപ്പുമായി ഇസ്രയേൽ

പശ്ചിമേഷ്യയിൽ എഫ്-35 കൈവശമുള്ള ഏകരാജ്യമായ ഇസ്രയേൽ കരാറിനെ എതിർത്തു. എന്നാൽ, ആയുധ ഇടപാട് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ മാറ്റമുണ്ടാക്കില്ലെന്നാണ് യു.എസിന്റ വിലയിരുത്തൽ.

മേഖലയിൽ അറബ് രാജ്യങ്ങളെക്കാൾ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ ഇസ്രയേലിന് സൈനികമേധാവിത്വം ഉറപ്പാക്കണമെന്ന നയം യു.എസ്. കാലങ്ങളായി തുടർന്നുപോരുന്നതാണ്. ഇസ്രയേലുമായുള്ള അറബ് രാജ്യങ്ങളുടെ ബന്ധം സാധാരണനിലയിലാക്കാൻ ലക്ഷ്യമിട്ടുള്ള അബ്രഹാം ഉടമ്പടിയിൽ ചേരാൻ ഏറെക്കാലമായി സൗദിയെ യു.എസ്. നിർബന്ധിക്കുകയും ചെയ്യുന്നു.

ചോർത്തുമോ ചൈന?

അതേസമയം, സൗദിയുമായുള്ള ഇടപാട് യു.എസിന്റെ രഹസ്യാത്മക സൈനിക സാങ്കേതികവിദ്യകൾ ചൈനയ്ക്ക് ചോർത്തിക്കിട്ടാനിടയാക്കുമെന്ന ആശങ്ക രഹസ്യാന്വേഷണ ഏജൻസികൾ പങ്കുവെച്ചു. ചൈനയും സൗദിയും അടുത്തകാലത്തുണ്ടാക്കിയ ശക്തമായ സുരക്ഷാ-പ്രതിരോധ പങ്കാളിത്തമാണ് ആശങ്കകൾക്കാധാരം. റഷ്യക്ക്‌ സാങ്കേതികവിദ്യകൾ ചോർന്നുകിട്ടിയേക്കുമെന്ന ഭയത്തിൽ 2019-ൽ നാറ്റോ അംഗംകൂടിയായ തുർക്കിയെ എഫ്.35 പദ്ധതിയിൽനിന്ന് യു.എസ്. ഒഴിവാക്കിയിരുന്നു.

Content Highlights: US State Department approved the sale of 48 F-35 fighter jets to Saudi Arabia., The arms deal is valued at $24.3 billion (2.3 lakh crore rupees)., Saudi Arabia would become the first Arab nation to acquire F-35 jets if finalized., Israel has raised objections to the defense agreement., Intelligence agencies express concern over potential sensitive tech leakage to China.