ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ട്, നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രം; കേരളത്തിനും സാധ്യത

ന്യൂഡൽഹി: ധനസമാഹരണത്തിലൂടെ നഗരവികസനം ഉറപ്പാക്കാൻ ഒരു ലക്ഷംകോടി രൂപയുടെ കേന്ദ്രസഹായം ഉറപ്പാക്കുന്ന അർബൻ ചലഞ്ച് ഫണ്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പത്തുലക്ഷത്തിനുമുകളിൽ ജനസംഖ്യയുള്ള നഗരങ്ങൾക്കും സംസ്ഥാന തലസ്ഥാനങ്ങൾക്കുമായി കഴിഞ്ഞവർഷം പ്രഖ്യാപിച്ച പദ്ധതി ഇപ്പോഴാണ് അംഗീകരിക്കുന്നത്.
പദ്ധതിച്ചെലവിന്റെ 50 ശതമാനം തുക വിപണിയിൽനിന്ന് അതത് നഗരങ്ങൾ സമാഹരിക്കണം. 25 ശതമാനം തുക കേന്ദ്രസഹായം നൽകും. ഇതിലൂടെ ഓരോ നഗരത്തിലും അഞ്ചുവർഷംകൊണ്ട് ചുരുങ്ങിയത് നാലുലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കും. നഗരങ്ങളിൽ ഉന്നതനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യവികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാകും നടപ്പാക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കി.
5000 കോടിയുടെ വായ്പാതിരിച്ചടവ് ഗാരന്റി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഴുവൻ നഗരങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരസഭകൾക്കുമായി 5000 കോടി രൂപയുടെ വായ്പാതിരിച്ചടവ് ഗാരന്റി പദ്ധതിയും അംഗീകരിച്ചു. ഇതോടെ, 4223 നഗരങ്ങൾക്ക് വായ്പയെടുക്കാനുള്ള യോഗ്യത കൂടും.
ഇതുപ്രകാരം ഏഴുകോടി രൂപവരെയുള്ള വായ്പകൾക്കോ വായ്പാതുകയുടെ 70 ശതമാനത്തിനോ ഏതാണോ കുറവ്, അതിന് കേന്ദ്രം ഗാരന്റി നൽകും. വായ്പ കൃത്യമായി തിരിച്ചടച്ചാൽ വീണ്ടും ഏഴുകോടിവരെ വായ്പകൾക്കോ വായ്പാതുകയുടെ 50 ശതമാനത്തിനോ, ഏതാണോ കുറവ്, ആ തുകയ്ക്ക് കേന്ദ്രം ഗാരന്റി നൽകും.
നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ
അർബൻ ചലഞ്ച് ഫണ്ട് പദ്ധതിയുടെ നിരീക്ഷണത്തിന് ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിൽ ഡിജിറ്റൽ പോർട്ടലുണ്ടാകും. ജലവിതരണപദ്ധതികൾ, മലിനജലസംസ്കരണം, മാലിന്യസംസ്കരണം, അടിസ്ഥാനസൗകര്യ വികസനം മുതലായവയെല്ലാം പദ്ധതിക്കുകീഴിൽ നടപ്പാക്കും. കേരളത്തിൽനിന്ന് തിരുവനന്തപുരം. കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് സാധ്യതയുണ്ട്.
നടപടിക്രമം:
* 50 ശതമാനം തുക മുനിസിപ്പൽ ബോണ്ടുകൾ, ബാങ്ക് വായ്പകൾ, പൊതു-സ്വകാര്യപങ്കാളിത്തം എന്നിവ വഴി സമാഹരിക്കണം. 25 ശതമാനം കേന്ദ്രം. ബാക്കിതുക സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, നഗരസഭകൾ സമാഹരിക്കണം
*പദ്ധതികൾ സുതാര്യവും മത്സരാധിഷ്ഠിതവുമായ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കും
*സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും
Content Highlights: Central government approves ₹1 lakh crore Urban Challenge Fund for city development, focusing on infrastructure and inclusive growth. Learn how cities will secure funding.