യു.പി.ഐ. വാണിജ്യ ഇടപാടുകൾക്ക് ഫീസ് നടപ്പാക്കുന്നത് നീട്ടുന്നത് പരിഗണനയിൽ

#സ്വന്തം ലേഖകൻ
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

മുംബൈ: യു.പി.ഐ.യിൽ 2000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് ഫീസ് (എം.ഡി.ആർ.) നടപ്പാക്കുന്നത് നീട്ടിവെക്കാൻ ആലോചന. യു.പി.ഐ. സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പെയ്‌മന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.) ഇക്കാര്യം പരിഗണിക്കുന്നതായാണ് വിവരം. ഉത്സവ സീസണോടനുബന്ധിച്ച് എം.ഡി.ആർ. നടപ്പാക്കുന്നത് നീട്ടിവെക്കുന്നതിന് വ്യാപാരിസംഘടനകളും ഫിൻടെക് - പെയ്‌മന്റ് കമ്പനികളും ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ എൻ.പി.സി.ഐ. തീരുമാനമെടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായും സൂചനയുണ്ട്.

2000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനമാണ് ഫീസ്. പരമാവധി 300 രൂപ വരെയാകും ഈടാക്കുക. അതേസമയം, സ്കൂൾ - കോളേജ് ഫീസുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, പെട്രോൾ പമ്പുകൾ, വൈദ്യുതി - വെള്ളം ബില്ലുകൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെയുള്ളവയ്ക്ക് ഒരിടപാടിന് അഞ്ചു രൂപയാണ് ഈടാക്കുക. യു.പി.ഐ.യിൽ വ്യാപാരികളുടെ കാറ്റഗറി കോഡും ഫീസിനെ സ്വാധീനിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ വ്യാപാരികളെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നു. ഇതനുസരിച്ച് സംവിധാനം സജ്ജമാക്കാൻ ബുദ്ധിമുട്ടാണെന്നും എം.ഡി.ആർ. ഈടാക്കുന്നതിന് ഒരുങ്ങാനായി കൂടുതൽ സമയം നൽകണമെന്നുമാണ് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡ് പെയ്‌മന്റുകൾക്ക് ഏകദേശം ഒരേ രീതിയിലാണ് എം.ഡി.ആർ. ഈടാക്കുന്നതെന്നതിനാൽ അധികം ആശയക്കുഴപ്പമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്സവ സീസണിൽ എം.ഡി.ആർ. തുടങ്ങുന്നത് തിരിച്ചടിയാകാതിരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ആവശ്യം.

ഉത്സവ സീസണിൽ എം.ഡി.ആർ. ഏർപ്പെടുത്തുന്നത് വ്യവസായങ്ങളുടെ ചെലവു കൂട്ടുന്നതിനു കാരണമാകുമെന്ന ആശങ്ക സർക്കാരിനുമുണ്ട്. പ്രത്യേകിച്ചും പണപ്പെരുപ്പം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. എൻ.പി.സി.ഐ. ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഒക്ടോബർ 15 മുതൽ എം.ഡി.ആർ. ഈടാക്കിത്തുടങ്ങുമെന്നും ഉപഭോക്താക്കൾക്ക് ഇത് ബാധകമായിരിക്കില്ലെന്നും കാട്ടി എസ്.ബി.ഐ. ഉൾപ്പെടെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഇപ്പോഴും സന്ദേശങ്ങൾ അയക്കുന്നുണ്ട്.

Content Highlights: NPCI is considering postponing the implementation of MDR (Merchant Discount Rate) on commercial UPI transactions above Rs 2,000. Merchant associations and fintech firms requested the delay to avoid financial confusion and added costs during the festive season. Proposed MDR is 0.4% (up to a maximum of Rs 300) for commercial transactions, while utility and specific service payments face a fixed Rs 5 fee. High inflation and operational difficulties in updating merchant category codes are key concerns raised by trade bodies. Banks like SBI have already begun notifying customers about the MDR implementation set for October 15, clarifying it will not affect consumers directly.