'നിന്റെ മുഖത്ത് മൂത്രമൊഴിക്കും'; ഗതാഗതക്കുരുക്കിൽ നിയന്ത്രണംവിട്ട് യുപിയിലെ വനിതാ എസ്‌ഐ, അസഭ്യവർഷം

#ന്യൂസ് ഡെസ്ക്
സംഭവത്തിന്റെ ദൃശ്യങ്ങള്‍ | Screengrab Courtesy: x.com/anuragspparty
സംഭവത്തിന്റെ ദൃശ്യങ്ങള്‍ | Screengrab Courtesy: x.com/anuragspparty

ലഖ്‌നൗ: ഗതാഗതക്കുരുക്കിനിടെ ദമ്പതിമാരെ അസഭ്യം പറഞ്ഞ് വനിതാ എസ്‌ഐ. ഉത്തർപ്രദേശിലെ മീററ്റിലാണ് ദമ്പതിമാർക്ക് നേരേ വനിതാ എസ്‌ഐയുടെ അസഭ്യവർഷം അരങ്ങേറിയത്. ഇവർ ദമ്പതിമാരെ ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച വൈകീട്ട് മീററ്റ് നഗരത്തിലെ ബോംബെ ബസാറിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെയാണ് സ്വകാര്യ കാറിൽ യൂണിഫോം ധരിച്ചെത്തിയ വനിതാ എസ്‌ഐയായ രത്‌ന രതി മുന്നിലുണ്ടായിരുന്ന കാറിലെ ദമ്പതിമാരോട് കയർത്ത് സംസാരിച്ചത്. ഇതിനുമുൻപ് തന്റെ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലുള്ളവരോടെല്ലാം എസ്‌ഐ ക്ഷോഭിച്ചിരുന്നതായാണ് പറയുന്നത്. തുടർന്നാണ് കാറിൽനിന്ന് പുറത്തിറങ്ങിയ എസ്‌ഐ, മുന്നിലെ കാറിലുണ്ടായിരുന്ന ദമ്പതിമാരെ അസഭ്യം പറയുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. പുറത്തിറങ്ങിയ കാർ ഡ്രൈവറോട് 'നിന്റെ മുഖത്ത് മൂത്രമൊഴിക്കുമെന്ന്' എസ്‌ഐ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഗതാഗതക്കുരുക്കിൽപ്പെട്ട മറ്റുവാഹനങ്ങളിലെ യാത്രക്കാരാണ് വനിതാ എസ്‌ഐയുടെ പരാക്രമം മൊബൈൽഫോണിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ വനിതാ എസ്‌ഐക്കെതിരേ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകപ്രതിഷേധമുയർന്നു. സംഭവം വിവാദമായതോടെ എസ്‌ഐക്കെതിരേ അന്വേഷണം ആരംഭിച്ചതായും ഇതിനുശേഷം നടപടി സ്വീകരിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിവാദത്തിലുൾപ്പെട്ട വനിതാ എസ്‌ഐ അലിഗഢിലെ റോരാവർ പോലീസ് സ്‌റ്റേഷനിലാണ് ജോലിചെയ്യുന്നത്. സംഭവദിവസം ഒരു കേസന്വേഷണത്തിന്റെ ഭാഗമായി മുസാഫർനഗറിൽ പോയിരുന്ന എസ്‌ഐ, തിരികെമടങ്ങുന്നതിനിടെയാണ് മീററ്റിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതെന്നും റിപ്പോർട്ടുകളിലുണ്ട്.

Content Highlights: Viral video shows a female SI in UP verbally abusing and threatening a couple stuck in a traffic jam. Investigation underway.