അധ്യാപിക സഹപാഠിയെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവം; യു.പിയിലെ സ്കൂള്‍ പൂട്ടാന്‍ ഉത്തരവ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ അധ്യാപിക മറ്റുമതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ സ്കൂള്‍ പൂട്ടാന്‍ ഉത്തരവ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്കൂള്‍ അടച്ചിടാനാണ് ഉത്തരവായത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സ്കൂള്‍ അധികൃതര്‍ക്ക് നല്കി.
സ്കൂള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഈ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ കുട്ടികളെ സമീപമുള്ള സ്കൂളുകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.
മുസാഫര്‍നഗറിലെ ഖുബ്ബപുര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്കൂളില്‍ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ അധ്യാപികയായ തൃപ്തി ത്യാഗി സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. കുട്ടിയെ സാമുദായികമായി അധിക്ഷേപിച്ച അധ്യാപിക, വീണ്ടും വീണ്ടും തല്ലാന്‍ കുട്ടികളെ പ്രേരിപ്പിച്ചു. അടികിട്ടിയ കുട്ടി വിങ്ങിക്കരയുന്നതും വീഡിയോയിലുണ്ട്. വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് വന്‍രോഷമുയര്‍ന്നിരുന്നു.
കുട്ടിയുടെ കുടുംബം ശനിയാഴ്ച പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരേ മുസാഫര്‍നഗര്‍ പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 504 വകുപ്പുകള്‍പ്രകാരമാണ് കേസ്. എന്നാല്‍, ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന ആരോപണമുയര്‍ന്നിരുന്നു.
അതേസമയം സംഭവത്തില്‍ താന്‍ ലജ്ജിക്കുന്നില്ലെന്നും ഗ്രാമത്തിലെ എല്ലാവരും തന്റെയൊപ്പമാണെന്നും ആരോപണ വിധേയയായ അധ്യാപിക വ്യക്തമാക്കി. ഒരു അധ്യാപികയെന്ന നിലയില്‍ താന്‍ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ട്. രാജ്യത്ത് നിയമങ്ങളുണ്ട്. എന്നാല്‍ സ്കൂളുകളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഈ രീതിയിലാണ് അവരെ കൈകാര്യം ചെയ്യേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിഷയത്തെ പെരുപ്പിച്ച് കാട്ടുകയാണെന്ന ആരോപണം നേരത്തെ ഇവര്‍ ഉന്നയിച്ചിരുന്നു.
Content Highlights: UP School Where Teacher Made Students Slap Muslim Classmate Shut For Now