ഗംഗയിലെ വെള്ളപ്പൊക്കം അനുഗ്രഹമെന്ന് യുപി മന്ത്രി; ഇവിടെ താമസിച്ച് അനുഗ്രഹം വാങ്ങിക്കൂ എന്ന് വയോധിക

സഞ്ജയ് നിഷാദ്(ഫയല്‍ചിത്രം,ഇടത്ത്) സഞ്ജയ് നിഷാദ് ദുരന്തബാധിതമേഖലകള്‍ സന്ദര്‍ശിക്കുന്നു(വലത്ത്) | Photo: ANI & x.com/IndiaToday
സഞ്ജയ് നിഷാദ്(ഫയല്‍ചിത്രം,ഇടത്ത്) സഞ്ജയ് നിഷാദ് ദുരന്തബാധിതമേഖലകള്‍ സന്ദര്‍ശിക്കുന്നു(വലത്ത്) | Photo: ANI & x.com/IndiaToday

ലഖ്‌നൗ: ഗംഗാനദിയിലെ ജലനിരപ്പുയര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുന്നത് പുണ്യനദിയില്‍നിന്നുള്ള അനുഗ്രഹമാണെന്ന് യുപി മന്ത്രി. ഉത്തര്‍പ്രദേശിലെ ഫിഷറീസ് മന്ത്രിയായ സഞ്ജയ് നിഷാദാണ് വിവാദപരാമര്‍ശം നടത്തിയത്. അതേസമയം, വെള്ളപ്പൊക്കം അനുഗ്രഹമാണെങ്കില്‍ മന്ത്രിയും ഉദ്യോഗസ്ഥരും ഗ്രാമത്തില്‍ വന്ന് താമസിക്കണമെന്ന് വയോധികയുടെ മറുപടി.

കാന്‍പുര്‍ ദെഹാത്തിലെ വെള്ളപ്പൊക്ക ബാധിതമേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് മന്ത്രി നാട്ടുകാര്‍ക്ക് മുന്നില്‍ വിവാദപരാമര്‍ശം നടത്തിയത്. ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

പ്രളയബാധിത ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയോട് പ്രദേശവാസിയായ ഒരാള്‍ പരാതി പറയുന്നതാണ് വീഡിയോയില്‍ ആദ്യമുള്ളത്. തന്റെ നെഞ്ചുവരെ വെള്ളം ഉയര്‍ന്നെന്നും വീട്ടിലെല്ലാം വെള്ളം കയറിയെന്നുമാണ് ഇയാള്‍ മന്ത്രിയോട് പറഞ്ഞത്. എന്നാല്‍, 'നിങ്ങള്‍ ഗംഗയുടെ മക്കളാണ്' എന്നായിരുന്നു മന്ത്രിയുടെ മറുപടി. മാതാവായ ഗംഗാനദി അവരുടെ കുട്ടികളുടെ പാദങ്ങള്‍ വൃത്തിയാക്കാനാണ് നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ വരുന്നത്. ഇത് നിങ്ങളെ നേരിട്ട് സ്വര്‍ഗത്തിലെത്തിക്കും. ക്ഷണിക്കപ്പെടാതെ അപൂര്‍വമായി ഗംഗ ഇങ്ങനെ വരുന്നത് ഭാഗ്യമാണെന്നും മന്ത്രി പറഞ്ഞു. 

ഇതിനുശേഷം ഗ്രാമത്തിലെ മറ്റൊരിടത്ത് പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചപ്പോഴും മന്ത്രി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. വെള്ളപ്പൊക്കം അനുഗ്രഹമാണെന്നാണ് ഇവിടെയും മന്ത്രി വിശദീകരിച്ചത്. ഇതിനിടെയാണ് ഒരു വയോധികയില്‍നിന്ന് ശ്രദ്ധേയമായ മറുപടി ഉയര്‍ന്നത്. വെള്ളപ്പൊക്കം അനുഗ്രഹമാണെങ്കില്‍ നിങ്ങളെല്ലാം ഇവിടെ താമസിച്ച് അനുഗ്രഹം വാങ്ങിക്കൂ എന്നായിരുന്നു വയോധിക പറഞ്ഞത്. എന്നാല്‍, ഇത് മന്ത്രിയോട് നേരിട്ട് പറഞ്ഞതാണോ അതോ കൂടെയുള്ള മറ്റാരോടെങ്കിലുമാണോ എന്നത് വീഡിയോയില്‍ വ്യക്തമല്ല. 

അതിനിടെ, വെള്ളപ്പൊക്കം സംബന്ധിച്ച പരാമര്‍ശം വിവാദമായതോടെ മന്ത്രി സഞ്ജയ് നിഷാദ് വിശദീകരണവുമായി രംഗത്തെത്തി. പ്രതിപക്ഷം ഉള്‍പ്പെടെ മന്ത്രിയെയും എന്‍ഡിഎ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. ഈ ഗ്രാമങ്ങളില്‍ വെള്ളമുയരുന്നത് നിയന്ത്രിക്കാനാകില്ലെന്നും അതിനാല്‍ നാട്ടുകാര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കാനാണ് താന്‍ ശ്രമിച്ചതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. 

അതേസമയം, മന്ത്രി സന്ദര്‍ശിച്ച മേഖലകളിലൂടെ ഒഴുകുന്നത് ഗംഗയല്ലെന്നും യമുന നദിയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യമെങ്കിലും മന്ത്രിക്ക് അറിയേണ്ടതായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. യമുനയും ഗംഗയും കരകവിഞ്ഞതോടെ ഉത്തര്‍പ്രദേശിലെ കാന്‍പുര്‍, പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ ജില്ലകളില്‍ കഴിഞ്ഞദിവസം വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളപ്പൊക്ക ബാധിതമേഖലകള്‍ സന്ദര്‍ശിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി മന്ത്രി സന്ദര്‍ശനം നടത്തിയത്.

Content Highlights: Uttar Pradesh Fisheries Minister Sanjay Nishad sparks controversy by calling Ganga floods a blessing