40-കാരന്‍ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ചു, ഭാര്യ തള്ളിയിട്ടതെന്ന് ആരോപണം

സുല്‍ത്താന്‍പുര്‍: ഉത്തര്‍പ്രദേശില്‍ 40-കാരന്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഭാര്യയെ ചോദ്യം ചെയ്ത് പോലീസ്. ദില്‍ഷാദ് എന്നയാളാണ് മരിച്ചത്. ദില്‍ഷാദിനെ ഭാര്യയായ ഷാനോ തള്ളിയിടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യംചെയ്യല്‍. എന്നാല്‍ മദ്യപിച്ചെത്തിയ ദില്‍ഷാദ് സ്വയം ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നെന്നാണ് ഭാര്യയായ ഷാന്നോ പറയുന്നത്.
ശനിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. റായ്ബറേലി-ബാന്ദ റോഡിലെ അംഹത്തിലുള്ള കാന്‍ഷിറാം കോളനിയിലാണ് ദമ്പതിമാരും ഇരുവരുടെയും രണ്ടുമക്കളും താമസിച്ചിരുന്നത്. ദില്‍ഷാദും ഭാര്യ ഷാന്നോവും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ശനിയാഴ്ച രാത്രിയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് വീണ ദില്‍ഷാദിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടനെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലായ ഷാന്നോവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ദില്‍ഷാദ് ഭക്ഷണം ചോദിക്കുകയും തുടര്‍ന്ന് ഭാര്യ ഷാന്നോ ദില്‍ഷാദിനെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിടുകയുമായിരുന്നുവെന്നാണ് ദില്‍ഷാദിന്റെ സഹോദരി സൈമ ബാനൂ ആരോപിക്കുന്നത്. ഷാന്നോ ഫോണിലൂടെ രഹസ്യമായി സംസാരിക്കുന്നത് പതിവായിരുന്നെന്നും ഇതിന്റെ പേരില്‍ ദില്‍ഷാദും ഷാന്നോവും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും ദില്‍ഷാദിന്റെ മാതാവ് ഖുറീഷയും പോലീസിനോട് പറഞ്ഞു. എന്നാല്‍ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഷാന്നോ നിഷേധിച്ചു. ദില്‍ഷാദ് മദ്യപിച്ചാണ് വീട്ടിലെത്തിയതെന്നും ഭക്ഷണത്തിന് ശേഷം ബാല്‍ക്കണിയില്‍ നിന്ന് സ്വയം എടുത്തുചാടുകയായിരുന്നെന്നും, ഈ സമയത്ത് താന്‍ കുട്ടികള്‍ക്കൊപ്പം മുറിയിലായിരുന്നെന്നും അവര്‍ പ്രതികരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: up man falls to death from balcony in laws claim wife pushed him