ഉത്തർപ്രദേശിൽ 125 സീറ്റുകളിൽ കണ്ണുവെച്ച് കോൺഗ്രസ്; സീറ്റ് വിഭജന ചർച്ചകൾക്ക് പ്രിയങ്ക നേതൃത്വം നൽകും

#ന്യൂസ് ഡെസ്ക്
അഖിലേഷ് യാദവും പ്രിയങ്കയും |ഫോട്ടോ:PTI
അഖിലേഷ് യാദവും പ്രിയങ്കയും |ഫോട്ടോ:PTI

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക യോഗം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ വസതിയിൽ നടന്നു. ഉത്തർപ്രദേശ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, സംസ്ഥാന അധ്യക്ഷൻ അജയ് റായ്, വർക്കിംഗ് പ്രസിഡന്റ് ഇമ്രാൻ മസൂദ് എന്നിവരുൾപ്പെടെയുള്ള പ്രധാന പാർട്ടി നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.

സമാജ് വാദി പാർട്ടിയോട് 140-125 സീറ്റുകൾ ആവശ്യപ്പെടാനാണ് കോൺഗ്രസിന്റെ തീരുമാനം. മൂന്ന് മണിക്കൂറോളമാണ് യുപി നേതാക്കളുമായി പ്രിയങ്ക ചർച്ച ചെയ്തത്. പാർട്ടിയുടെ സാധ്യതകൾ മുൻനിർത്തി സീറ്റുകളുടെ എണ്ണം സംബന്ധിച്ചും ധാരണയിലെത്തി. എ, ബി, സി കാറ്റഗറിയിലായി 175 സീറ്റുകളെ കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നതെന്നാണ് വിവരം. എ കാറ്റഗറിയിൽ 100 സീറ്റുകളും ബി കാറ്റഗറിയിൽ അമ്പതോളം സീറ്റുകളും സി കാറ്റഗറിയിൽ 25ന് മുകളിൽ സീറ്റുകളും ഉൾപ്പെടും.

ഈ ആഴ്ചയിൽ തന്നെ യുപി നേതൃത്വവുമായി മറ്റൊരു വിശദമായ ചർച്ച നടത്തി പാർട്ടിക്ക് മത്സരിക്കാൻ താത്പര്യമുള്ള സീറ്റുകളുടെ എണ്ണം അന്തിമമാക്കും. അതിനുശേഷം ഇത് സമാജ് വാദി പാർട്ടി നേതൃത്വത്തിന് മുന്നിൽവെക്കാനാണ് തീരുമാനം. 125 ഓളം സീറ്റുകളിലാണ് പാർട്ടി കണ്ണുവെച്ചിരിക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. അഖിലേഷ് യാദവുമായുള്ള സീറ്റ് വിഭജന ചർച്ച പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. 2022-ലും യുപിയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പ്രിയങ്കയായിരുന്നു നേതൃത്വം വഹിച്ചത്. അന്ന് ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് രണ്ട് സീറ്റിൽ മാത്രമായിരുന്നു വിജയിക്കാനായത്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പിയുമായുള്ള സഖ്യത്തിൽ കോൺഗ്രസിന് വൻ മുന്നേറ്റം സൃഷ്ടിക്കാനായി. മത്സരിച്ച 17 സീറ്റുകളിൽ ആറെണ്ണത്തിൽ ജയിക്കാനായി. 2024-ലെ കണക്കുകൾ പ്രകാരം 38 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് ഒന്നാമതെത്തുകയും 42 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ 80 സീറ്റുകൾ കോൺഗ്രസ് ഇത്തവണ വൻ പ്രതീക്ഷയോടെയാണ് കാണുന്നത്. എസ്പിയോട് ആവശ്യപ്പെടുന്ന സീറ്റുകളിൽ ഈ 80 മണ്ഡലങ്ങളും ഉണ്ട്.

എന്നാൽ കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്ന ചില സീറ്റുകൾ എസ്പിയുടെ സിറ്റിങ് സീറ്റുകളാണ്്. അതുകൊണ്ട് തന്നെ അത് വിട്ടുനൽകുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായേക്കും.

അമേത്തിയും റായ്ബറേലിയും കോൺഗ്രസ് ശക്തികേന്ദ്രമായി കണക്കാക്കുന്നുണ്ടെങ്കിലും ഈ മണ്ഡലങ്ങളിലെ പാർട്ടിയുടെ നിയമസഭാ പ്രകടനം വളരെ ശോചനീയമായിരുന്നു.

അമേത്തി മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് 2022ൽ ഒന്നിൽപോലും വിജയിക്കാനായില്ല. മൂന്നെണ്ണത്തിൽ ബിജെപിയും ഒന്നിൽ എസ്പിയും ഒന്നിൽ ബിജെപി പിന്തുണയുള്ള സ്വതന്ത്രനുമാണ് വിജയിച്ചത്. റായ്ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ 2022ൽ എസ്പി നാലും ബിജെപി ഒരു സീറ്റും നേടിയപ്പോൾ കോൺഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.

Content Highlights: Congress held a crucial meeting at Priyanka Gandhi's residence regarding UP assembly elections., The party plans to demand between 125 and 140 seats from the Samajwadi Party., Seat-sharing discussions will be spearheaded by Priyanka Gandhi with Akhilesh Yadav., Focus is placed on 80 assembly segments where Congress performed strongly during the 2024 Lok Sabha elections.