യോഗിയെ താഴെയിറക്കാൻ യുപിയിൽ പുതിയ തന്ത്രവുമായി അഖിലേഷ്; 75 ജില്ലകളിൽ 75 പ്രകടനപത്രികകൾ

#ന്യൂസ് ഡെസ്ക്
അഖിലേഷ് യാദവ് |ഫോട്ടോ:ANI
അഖിലേഷ് യാദവ് |ഫോട്ടോ:ANI

ലഖ്‌നൗ: 2027-ൽ ഗോദയൊരുങ്ങുന്ന ഉത്തർപ്രദേശിൽ പുതിയ തിരഞ്ഞെടുപ്പ് പരീക്ഷണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനം മുഴുവനുമായി ഒരൊറ്റ പ്രകടനപത്രിക പുറത്തിറക്കുന്ന പരമ്പരാഗത രീതി മാറ്റിപ്പിടിച്ച അഖിലേഷ്, ഉത്തർപ്രദേശിലെ ഓരോ ജില്ലയ്ക്കും ഓരോ പ്രകടനപത്രികയാണ് പുറത്തിറക്കാനൊരുങ്ങുന്നത്. 75 ജില്ലകൾക്ക് 75 പ്രകടനപത്രികകളാണ് ഒരുക്കുക.

വിശാലമായ സംസ്ഥാന പ്രകടനപത്രികയ്ക്ക് പുറമെയാണ് പ്രാദേശിക പ്രശ്‌നങ്ങളും വികസന മുൻഗണനകളും ഉൾപ്പെടുത്തിക്കൊണ്ട് ജില്ലാ പ്രകടനപത്രികകൾ തയ്യാറാക്കാൻ പദ്ധതിയിടുന്നത്. പാർട്ടിയുടെ വാഗ്ദാനങ്ങൾ അടിത്തട്ടിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരീക്ഷണം. ഉത്തർപ്രദേശിലെ ഓരോ മേഖലകളിലും പ്രദേശങ്ങളിലുമുള്ള പ്രശ്‌നങ്ങൾ വ്യത്യസ്തമാണ് എന്നതും എസ്പിയെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിക്കുന്നു.

വ്യവസായ നഗരങ്ങൾ ഉൾക്കൊള്ളുന്ന ജില്ലകളുടെ പ്രശ്‌നങ്ങളല്ല കാർഷിക പ്രാധാന്യമുള്ള ജില്ലകൾക്ക്. കൂടാതെ പ്രാദേശിക രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങളും വ്യത്യസ്തമാണ്. ഓരോ ജില്ലയിലെയും വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും സമാജ് വാദി പാർട്ടി തുടങ്ങിയിട്ടുണ്ട്.

ജില്ലകളിലെ പ്രധാന പ്രശ്നങ്ങളും നിലച്ചുപോയതോ അവഗണിക്കപ്പെട്ടതോ ആയ പദ്ധതികളും നിലവിലുള്ള തൊഴിലവസരങ്ങളും പ്രാദേശിക പ്രതീക്ഷകളും കണ്ടെത്താൻ ജില്ലാതല പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 80-ൽ 37 സീറ്റുകൾ നേടി എസ്പിയെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി ഉയർത്തിക്കൊണ്ടാണ് അഖിലേഷ് യാദവ് 2027-ലേക്ക് പ്രവേശിക്കുന്നത്. ബിജെപിയുടെ സീറ്റ് നില 33 ആയി കുറഞ്ഞപ്പോൾ കോൺഗ്രസിന് ആറിടത്ത് ജയിക്കാനായിരുന്നു.

യുപിയിൽ എസ്പിയുടെ തിരിച്ചുവരവിന് പിന്നിൽ പാർട്ടിയുടെ 'പി.ഡി.എ' (പിഛ്ഡ, ദളിത്, അൽപ്‌സംഖ്യക്) തന്ത്രമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. മുസ്ലിം-യാദവ പരമ്പരാഗത അടിത്തറയ്ക്കപ്പുറത്തേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു പിഡിഎ തന്ത്രം.

ദേശീയ നേതൃത്വവും ദേശീയ വിഷയങ്ങളും ആധിപത്യം പുലർത്തുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി, നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടർമാരുടെ ദൈനംദിന ജീവിതവുമായി അടുപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ മറ്റൊരു തന്ത്രം നിയമസഭാ തിരഞ്ഞെടുപ്പിൽ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് എസ്പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. റോഡുകൾ, വൈദ്യുതി, ജലസേചനം, സ്കൂളുകൾ, ആശുപത്രികൾ, തൊഴിൽ, കർഷകരുടെ പ്രശ്നങ്ങൾ, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ മുൻഗണനകൾ.

മറുഭാഗത്ത് ബിജെപിയും സമാനമായൊരു നീക്കം നടത്തുന്നുണ്ട്. ജില്ലാതല ജനകീയ സമ്പർക്ക പരിപാടികളിലൂടെയാണ് ബിജെപി ഇടപെടൽ നടത്തുന്നത്. മെയ് മാസത്തിനുശേഷം ഉത്തർപ്രദേശിലെ 75 ജില്ലകളിൽ 44 എണ്ണത്തിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശനം നടത്തിയിട്ടുണ്ട്. കൂടാതെ 115 നിയമസഭാ മണ്ഡലങ്ങളിലായി 38,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കംകുറിക്കുകയോ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, കുടിവെള്ള-വൈദ്യുതി പദ്ധതികൾ, ടൂറിസം, നൈപുണ്യ വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2022-ലെ തിരഞ്ഞെടുപ്പിൽ 255 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. എസ്പി-കോൺഗ്രസ് സഖ്യത്തിന് 111 സീറ്റുകൾ മാത്രമാണ് നേടാനായത്. ബിഎസ്പി ഒരു സീറ്റിലാണ് വിജയിച്ചത്.

Content Highlights: Samajwadi Party introduces a novel strategy of releasing 75 distinct manifestos for all 75 districts in Uttar Pradesh for the 2027 elections., The approach aims to address unique regional problems, agricultural needs, and industrial concerns instead of a single state-wide manifesto., BJP is countering with district-level public outreach and massive development projects led by CM Yogi Adityanath., Builds upon SP's strong performance in the 2024 Lok Sabha elections using the PDA strategy.