ഏകീകൃത പെന്‍ഷന്‍: അര്‍ഹത 2004-നുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക്

പ്രതീകാത്മക ചിത്രം | Photo: Manvender Vashist Lav/ PTI
പ്രതീകാത്മക ചിത്രം | Photo: Manvender Vashist Lav/ PTI

ന്യൂഡല്‍ഹി: 2004-നുശേഷം ജോലിയില്‍ പ്രവേശിച്ച് വിരമിച്ചവര്‍ക്കുമാത്രമേ യു.പി.എസ്. പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. 25 വര്‍ഷം സേവനംചെയ്തവര്‍ക്കാണ് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ ഉറപ്പാക്കുന്നത്. അതിനാല്‍ 2029-നുശേഷമേ കേന്ദ്രത്തിന് അത് നല്‍കേണ്ടിവരുന്നുള്ളൂ. സാമ്പത്തികബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയിലിടുന്ന പദ്ധതിയല്ല യു.പി.എസ്. എന്ന് കേന്ദ്രം ഉറപ്പിച്ചുപറയാന്‍ ഇതാണ് കാരണം. പദ്ധതി നടപ്പാക്കുന്ന ആദ്യവര്‍ഷം 6250 കോടി രൂപ കേന്ദ്രസര്‍ക്കാരിന് അധികമായി ചെലവാകും. കുടിശ്ശിക നല്‍കാന്‍ 800 കോടിയും വേണം. വരുംവര്‍ഷങ്ങളില്‍ ഇതില്‍ മാറ്റംവരും. എന്‍.പി.എസിലുള്ള 99 ശതമാനത്തിലേറെപ്പേരും യു.പി.എസിലേക്ക് മാറുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

മറ്റ് പ്രധാന വ്യവസ്ഥകള്‍

  • പത്തിനും 25-നുമിടയില്‍ വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് ആനുപാതികമായി (പ്രോറാറ്റ അടിസ്ഥാനത്തില്‍) പെന്‍ഷന്‍ കുറയും
  • ജീവനക്കാര്‍ മരിച്ചാല്‍, അവരുടെ പെന്‍ഷന്റെ 60 ശതമാനം കുടുംബപെന്‍ഷനായി നല്‍കും
  • പത്തുവര്‍ഷമെങ്കിലും സര്‍വീസുള്ളവര്‍ക്ക് 10,000 രൂപ മിനിമം പെന്‍ഷന്‍ ഉറപ്പാക്കും
  • പെന്‍ഷനുകള്‍ക്കൊപ്പം ഡിയര്‍നെസ് റിലീഫുമുണ്ടാകും. വ്യവസായത്തൊഴിലാളികള്‍ക്കുള്ള അഖിലേന്ത്യാ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയാകും ഇത്
  • വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റിക്കുപുറമേ ഒരു ലംപ്സംതുകയുമുണ്ടാകും. പൂര്‍ത്തിയാക്കിയ ഓരോ ആറ്ുമാസത്തിനും വിരമിക്കുന്ന സമയത്തെ അടിസ്ഥാനശമ്പളവും ഡി.എ.യും കൂട്ടിയതിന്റെ പത്തിലൊന്ന് തുകവീതം കണക്കാക്കിയാണ് ഇത് നല്‍കുക.

എന്‍.പി.എസുണ്ടാക്കിയ ആഘാതം പരിഹരിക്കാനുള്ള നീക്കം

പഴയ പെന്‍ഷന്‍പദ്ധതിക്ക് (ഒ.പി.എസ്.) പകരം 2004 മുതല്‍ രാജ്യത്ത് നടപ്പാക്കിയ പുതിയ പെന്‍ഷന്‍പദ്ധതി (എന്‍.പി.എസ്.) ഉണ്ടാക്കിയ എതിര്‍പ്പും രാഷ്ട്രീയാഘാതങ്ങളും പരിഹരിക്കുന്നതിനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഏകീകൃത പെന്‍ഷന്‍പദ്ധതിക്ക് രൂപംകൊടുത്തത്. പെന്‍ഷന്‍ഫണ്ടിലേക്കുള്ള സര്‍ക്കാര്‍വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കുന്ന യു.പി.എസ്. നടപ്പാക്കല്‍ മിക്കസംസ്ഥാനങ്ങള്‍ക്കും വലിയ സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ഏകീകൃത പെന്‍ഷന്‍പദ്ധതിക്കെതിരേ പ്രതിപക്ഷ തൊഴിലാളിസംഘടനകള്‍ കടുത്ത എതിര്‍പ്പിലാണ്. ജീവനക്കാര്‍ വിഹിതം നല്‍കേണ്ടതില്ലാത്ത പഴയ പെന്‍ഷന്‍പദ്ധതി (ഒ.പി.എസ്.) പുനസ്ഥാപിക്കണമെന്ന നിലപാടിലാണ് തൊഴിലാളിസംഘടനകള്‍. അതേസമയം, നിശ്ചിത പെന്‍ഷന്‍, നിശ്ചിത കുടുംബപെന്‍ഷന്‍, നിശ്ചിത മിനിമം പെന്‍ഷന്‍, ഇന്‍ഫ്‌ലേഷന്‍ ഇന്‍ഡെക്സേഷന്‍, ഗ്രാറ്റുവിറ്റിക്കുപുറമേ വിരമിക്കല്‍സമയത്ത് നിശ്ചിത തുക ലഭിക്കല്‍ എന്നിങ്ങനെ അഞ്ച് പ്രധാന ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.


 

Content Highlights: unified pension scheme details