'ഏറ്റവും അഴകാര്‍ന്ന വിമാനത്താവളങ്ങളിലൊന്ന്'; കെംപഗൗഡയ്ക്ക് യുനെസ്കോയുടെ പുരസ്കാരം

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആഗോള അംഗീകാരം. ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളില്‍ ഒന്നായാണ് ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളം യുനെസ്‌കോയുടെ 'പ്രിക്സ് വെര്‍സെയ്ല്‍സ് 2023' പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ അകത്തളത്തിന്റെ മനോഹാരിതയ്ക്കാണ് കെംപഗൗഡ വിമാനത്താവളത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഏറ്റവും സുന്ദരമായ നിര്‍മിതികള്‍ക്കാണ് യുനെസ്‌കോ എല്ലാ വര്‍ഷവും പ്രിക്സ് വെര്‍സെയ്ല്‍സ് പുരസ്‌കാരം നല്‍കിവരുന്നത്.
2023-ലെ പ്രിക്സ് വെര്‍സെയ്ല്‍സ് പുരസ്‌കാര നിര്‍ണയസമിതിയുടെ അധ്യക്ഷന്‍ പ്രശസ്ത ലെബനീസ് ഫാഷന്‍ ഡിസൈനറായ എലീ സാബ് ആണ്. കെംപഗൗഡ വിമാനത്താവളത്തിന്റെ രൂപകല്‍പനയും വാസ്തുശൈലിയും ആഗോളതലത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായി പുരസ്‌കാര നിര്‍ണയ സമിതി പറഞ്ഞു.
വിമാനത്താവളത്തിന്റെ ടെര്‍മിനല്‍- 2 ആണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. അംഗീകാരം ലഭിച്ചതില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എംഡിയും സിഇഒയുമായ ഹരി മാരാര്‍ ആഹ്‌ളാദം പങ്കുവെച്ചു. അഭിമാനകരമായ സന്ദര്‍ഭമാണെന്നും കലയുടേയും സാങ്കേതികവിദ്യയുടേയും അതുല്യമായ കൂടിച്ചേരലാണ് വിമാനത്താവളത്തിന്റെ മനോഹാരിതയ്ക്ക് പിന്നിലെന്നും അവിടെയെത്തുന്ന ഓരോ യാത്രികര്‍ക്കും മികച്ച കാഴ്ചാനുഭവമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും മികച്ച സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ഒക്ടോബറില്‍ കെംപഗൗഡ വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമാണ് കെംപഗൗഡ. 35 എയര്‍ലൈന്‍ കമ്പനികളുടെ സര്‍വീസ് ഇവിടെ ലഭ്യമാണ്. യാത്രക്കാരുടെ എണ്ണത്തിലും വിമാനത്താവളം രാജ്യത്ത് മുന്‍പന്തിയിലാണ്. 5000 കോടി രൂപയോളമാണ് ടെര്‍മിനല്‍- 2 ന്റെ നിര്‍മാണത്തിനായി ചെലവിട്ടത്. പൂന്തോട്ടനഗരമായ ബെംഗളൂരുവിനോടുള്ള ആദരമെന്ന നിലയില്‍ വിവിധതരത്തിലുള്ള പൂന്തോട്ടങ്ങള്‍ കൊണ്ട് അലങ്കരിച്ചാണ് കെംപഗൗഡ വിമാനത്താവളം രൂപകല്‍പന ചെയ്തിട്ടുള്ളത്.
Content Highlights: Unesco, Kempegowda, Prix Versailles, Most beautiful airports, Malayalam News