കടലെടുത്ത പുരാതന നഗരം: പൂംപുഹാറിൽ സമുദ്രത്തിനടിയിൽ പര്യവേക്ഷണം; മുങ്ങൽവിദഗ്ധർ പരിശോധന ആരംഭിച്ചു

ചെന്നൈ: ചോള, ചേര, പാണ്ഡ്യ രാജവംശങ്ങളുടെ കീഴിലുണ്ടായിരുന്ന സമുദ്രവ്യാപാരചരിത്രം തേടി തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലുള്ള പൂംപുഹാറിൽ അന്തർജല പുരാവസ്തു പര്യവേക്ഷണം ആരംഭിച്ചു. ഇന്ത്യൻ മാരിടൈം സർവകലാശാലയുമായി സഹകരിച്ച് തമിഴ്നാട് പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിലാണ് പര്യവേക്ഷണം.
കാവേരിപൂംപട്ടണം എന്നറിയപ്പെട്ടിരുന്ന പുരാതന തുറമുഖനഗരമാണ് പൂംപുഹാർ. തമിഴരുടെ പൗരാണികത കണ്ടെത്താനും സംസ്ഥാനത്തിന്റെ പൈതൃകം ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുമാണ് പര്യവേക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. പുരാവസ്തുഗവേഷകൻ കെ. രാജന്റെ നേതൃത്വത്തിലുള്ള പര്യവേക്ഷണസംഘത്തിൽ പുരാവസ്തുശാസ്ത്രം, സമുദ്രപഠനം എന്നീ മേഖലകളിലെ സാങ്കേതികവിദഗ്‌ധരും പ്രവർത്തിക്കുന്നുണ്ട്. സൈഡ് സ്കാൻ സോണാർ, എക്കോ സൗണ്ടറുകൾ, അണ്ടർവാട്ടർ റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾസ്, സബ്-ബോട്ടം പ്രൊഫൈലറുകൾ തുടങ്ങിയ നൂതന ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും പര്യവേക്ഷണം. രണ്ടു മുങ്ങൽവിദഗ്ധർ ഇതിനകം കടലിൽ പ്രവേശിച്ച് ജോലികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.
നൂറ്റാണ്ടുകളായി സംഭവിച്ച തീരദേശ മണ്ണൊലിപ്പുംമറ്റും മൂലം പൂംപുഹാർ എന്ന ചരിത്രപരമായ ഭൂപ്രകൃതിയുടെ വലിയൊരുഭാഗം കടലിനടിയിലായിട്ടുണ്ട്.
മേഖലയിലെ പുരാതന വാസസ്ഥലങ്ങൾ, തുറമുഖഘടനകൾ, വ്യാപാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തൽകൂടിയാണ് പര്യവേക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ചോള, ചേര, പാണ്ഡ്യ രാജവംശങ്ങളുടെ കീഴിൽ സമുദ്രവ്യാപാരത്തിൽ അഭിവൃദ്ധിപ്രാപിച്ച കേന്ദ്രമെന്നനിലയിൽ പൂംപുഹാറിന് സംഘകാലസാഹിത്യത്തിലും സംഘകാലാനന്തര ഇതിഹാസങ്ങളിലും ലിഖിതങ്ങളിലും പ്രധാനസ്ഥാനമുണ്ട്. പല പുരാതനഗ്രന്ഥങ്ങളിലും പൂംപുഹാർ തുറമുഖനഗരത്തെ വിദേശവാണിജ്യം, സാംസ്കാരികകൈമാറ്റം, സമുദ്രവികസനം എന്നിവയ്ക്കുള്ള കവാടമായും വിശേഷിപ്പിച്ചിട്ടുണ്ട്.
Content Highlights: Exploration aims to uncover maritime history of Chola, Chera, Pandya dynasties at ancient port city