ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; മൂന്ന് ദിവസത്തേക്ക് കർശന ഉപാധികളോടെ

#ന്യൂസ് ഡെസ്ക്
ഉമര്‍ ഖാലിദ് | Photo: PTI
ഉമര്‍ ഖാലിദ് | Photo: PTI

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സയിലുള്ള മാതാവിനെ കാണാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, മധു ജെയ്ൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ജാമ്യം പരിഗണിച്ചത്. കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ശസ്ത്രക്രിയക്ക് വിധേയയാകുന്ന മാതാവിനെ പരിചരിക്കാനും 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇത് ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷവും എട്ട് മാസവുമായി ഉമർ ഖാലിദ് ജയിലിലാണെന്ന് ഖാലിദിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്ന് മാതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകളും ബന്ധുവിന്റെ മരണാനന്തര ചടങ്ങിന്റെ പ്രസക്തിയും കോടതിയും കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം അനുവദിച്ചത്.

യുഎപിഎ ചുമത്തപ്പെട്ട കേസിൽ 2020 മുതൽ ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്.

Content Highlights: Delhi High Court granted 3-day interim bail to Umar Khalid., Bail period is effective from June 1 to June 3., Bail granted for the purpose of visiting his ailing mother., Umar Khalid has been in custody since 2020 under UAPA.