ദരിദ്ര കുടുംബങ്ങൾക്ക് നൽകുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലായി കുറച്ച് കേന്ദ്ര സർക്കാർ. ഗാർഹിക പാചക വാതകത്തിന് 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി സിലണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്.
2016-ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആദ്യ ഘട്ടത്തിൽ ഒരു വർഷം 12 സിലിണ്ടറുകൾ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വർഷം അത് ഒമ്പതായി കുറയ്ക്കുകയും ഇപ്പോഴത് നാലായി കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്. പദ്ധതി പ്രകാരം 300 രൂപയാണ് ഒരു സിലിണ്ടറിന് സർക്കാർ സബ്‌സിഡി നൽകി വരുന്നത്. 10.5 കോടി ദരിദ്ര കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
ഉജ്ജ്വല ഗുണഭോക്താക്കളുടെ ശരാശരി വാർഷിക ഉപഭോഗവുമായി സമന്വയിപ്പിച്ചാണ് പുതുക്കിയ ക്വാട്ട നിശ്ചയിച്ചിരിക്കുന്നതെന്നാണ് പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ എം ഖനൂജ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണയിലെ നിരക്കനുസരിച്ച് 14.2 കിലോഗ്രാം എൽപിജി നൽകുമ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇപ്പോൾ 700 രൂപ നഷ്ടമാണെന്നാണ് പ്രവീൺ എം ഖനൂജ പറയുന്നത്. പെട്രോളിന് ലിറ്ററിന് 6 രൂപയും, ഡീസലിന് 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Government reduces subsidized LPG cylinders under Ujjwala Yojana from 9 to 4 per year., Domestic LPG prices increased by Rs 29 per cylinder., Policy change based on average annual consumption of Ujjwala beneficiaries.,