അതെ, നീതി ലഭിക്കാൻ ഗുണ്ടകളാവും, ഗുണ്ടായിസം ചെയ്യും; ഭീഷണി പ്രസ്താവനയുമായി ഉദ്ധവ് താക്കറെ

മുംബൈ: 'അതെ, ഞങ്ങൾ ഗുണ്ടകളാണ്; നീതി ലഭിക്കാൻ ഞങ്ങൾക്ക് ഗുണ്ടകളാകേണ്ടി വന്നാൽ, ഞങ്ങൾ ഗുണ്ടായിസം ചെയ്യും.' മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ തെരുവ് കച്ചവടക്കാരെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആരോപണത്തോട് രാജ് താക്കറെയോടൊപ്പം നടത്തിയ സംയുക്തറാലിയിൽ ഉദ്ധവ് താക്കറെ പറഞ്ഞത് വിവാദമാവുന്നു. ശിവസേന പഴയ ശൈലിയിലേക്ക് മടങ്ങുന്നുവെന്നാണ് എതിരാളികളുടെ ആരോപണം.
ശിവസേന കെട്ടിപ്പടുക്കാൻ ബാൽ താക്കറെ ഉപയോഗിച്ച 'മറാത്തി അഭിമാനം' എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റാലി. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ധവിന്റെ വിവാദ പ്രസ്താവന.
'ഭാഷയുടെ കാര്യത്തിൽ, രാജും ഞാനും ഇവിടെയുള്ള എല്ലാവരും ഒറ്റക്കെട്ടാണ്. നിങ്ങളുടെ ശക്തി നിയമസഭയിലാണ്. ഞങ്ങളുടെ ശക്തി തെരുവിലാണ്.' ഉദ്ധവ് പറഞ്ഞു. അതേസമയം, കടുത്ത പ്രതിഷേധത്തെ തുടർന്ന് സ്‌കൂളുകളിൽ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിക്കാനുള്ള ശ്രമത്തിൽനിന്ന് ബിജെപി പിന്മാറിയിരുന്നു.
എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ ആയിരങ്ങൾക്ക് സാധിക്കാത്ത ഒരു കാര്യം നേടിയെടുത്തതിന് മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പരിഹാസരൂപേണ അഭിനന്ദിച്ചു. 'ഞാനും ഉദ്ധവും 20 വർഷത്തിനു ശേഷമാണ് ഒന്നിക്കുന്നത്. ബാലാ സാഹേബ് താക്കറെക്ക് സാധിക്കാത്തത്, ആയിരങ്ങൾക്ക് സാധിക്കാത്തത്, ദേവേന്ദ്ര ഫഡ്നാവിസിനു സാധിച്ചു.'
'ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾ സാമ്പത്തികമായി പിന്നോക്കമാണ്. ഈ സംസ്ഥാനങ്ങളിൽനിന്ന് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലേക്ക് ആളുകൾ കുടിയേറുകയാണ്. എന്തുകൊണ്ടാണ് ഹിന്ദി അവരെ പുരോഗതിയിലേക്ക് നയിക്കാത്തത്? അവർ വെറുതെ ഒരു പരീക്ഷണം നടത്തുകയായിരുന്നു. ഈ ഹിന്ദി തീരുമാനം നിശ്ശബ്ദമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ, അടുത്ത ഘട്ടം മുംബൈയെ മഹാരാഷ്ട്രയിൽനിന്ന് വേർപെടുത്താനുള്ള ശ്രമമാകുമായിരുന്നു.' രാജ് താക്കറെ ആരോപിച്ചു.
'വർഷങ്ങൾക്ക് ശേഷം സുവർണകാലം വന്നെത്തിയിരിക്കുന്നു. പ്രശസ്ത ബ്രാൻഡുകളായ രണ്ട് താക്കറെമാർ ഒന്നിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാലല്ല, മറിച്ച് മഹാരാഷ്ട്രയുടെ അഭിമാനത്തിനു വേണ്ടിയാണ് ഇത്.' ശിവസേന (ഉദ്ധവ്) നേതാവ് ആനന്ദ് ദുബെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Content Highlights: What Balasaheb couldn't do, Devendra Fadnavis did': Raj Thackeray