‘പോകേണ്ടവർക്ക് പോകാം, ആരെയും നിർബന്ധിക്കില്ല’; കൂറുമാറ്റ അഭ്യൂഹങ്ങളിൽ ഉദ്ധവ് താക്കറെ

#ന്യൂസ് ഡെസ്ക്
ഉദ്ധവ് താക്കറെ | Photo: PTI
ഉദ്ധവ് താക്കറെ | Photo: PTI

മുംബൈ: പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്ന ആരെയും നിർബന്ധിച്ച് കൂടെ നിർത്തില്ലെന്ന് ശിവസേന (യു.ബി.ടി.) അധ്യക്ഷൻ ഉദ്ധവ് താക്കറെ. ചില പാർട്ടി എം.പി.മാരുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി എം.പി.മാരുടെ യോഗത്തെ അഭിസംബോധന ചെയ്യവെ, 2022-ൽ ശിവസേനയിലുണ്ടായ പിളർപ്പിനെക്കുറിച്ച് പരാമർശിച്ചാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്.

2022-ൽ പാർട്ടിയിലുണ്ടായ കലാപത്തിന്റെ സൂചനകൾ വളരെ മുമ്പുതന്നെ ലഭിച്ചിരുന്നെന്നും എന്നാൽ ആരെയും പാർട്ടിയിൽ തുടരാൻ താൻ നിർബന്ധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാൽ താക്കറെ രൂപീകരിച്ച പാർട്ടി വിട്ടുപോയവർക്ക് ഭാവിയിൽ തങ്ങളുടെ തീരുമാനത്തിൽ ഖേദിക്കേണ്ടി വരുമെന്ന് ഉദ്ധവ് ഓർമ്മിപ്പിച്ചു. പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിഭക്ത ശിവസേനയിലെ 40 എം.എൽ.എ.മാർ പാർട്ടി വിട്ട പഴയ കലാപം അനുസ്മരിച്ച ഉദ്ധവ്, അന്ന് അണിയറയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. “ഞാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മറ്റുള്ളവർക്ക് വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്ന കാര്യങ്ങൾ ഞാൻ അറിഞ്ഞില്ലെന്നാണോ ജനങ്ങൾ കരുതുന്നത്? എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് കൃത്യമായ സൂചന ലഭിച്ചിരുന്നു.”-അദ്ദേഹം പറഞ്ഞു.

എല്ലാം അറിഞ്ഞിട്ടും ആരോടും ഒരക്ഷരം മിണ്ടിയില്ലെന്നും ആരെയും സമ്മർദ്ദത്തിലാക്കിയില്ലെന്നും ഉദ്ധവ് പറഞ്ഞു. “അവരുടെ അഴിമതികളെക്കുറിച്ചുള്ള ഫയലുകൾ തുറന്ന് അന്വേഷണത്തിന് ഉത്തരവിട്ടതുമില്ല. പാർട്ടി വിട്ടുപോകാൻ മനസ്സുകൊണ്ട് തീരുമാനിച്ച ഒരാളെ നിർബന്ധിച്ച് കൂടെ നിർത്തുന്നതിൽ എന്താണ് അർത്ഥമുള്ളത്? ആർക്കെങ്കിലും പോകണമെന്നുണ്ടെങ്കിൽ അവർക്ക് പോകാം. അവർക്ക് നല്ലതുവരട്ടെ എന്ന് മാത്രമേ ഞാൻ ആശംസിക്കൂ”- ഉദ്ധവ് പറഞ്ഞു.