‘10 മിനിറ്റിനുള്ളിൽ മുംബൈയെ നിശ്ചലമാക്കാൻ താക്കറെ കുടുംബത്തിന് ഇപ്പോഴും കഴിയും’ – സഞ്ജയ് റാവുത്ത്

#ന്യൂസ് ഡെസ്ക്
സഞ്ജയ് റാവുത്ത് | Photo: PTI
സഞ്ജയ് റാവുത്ത് | Photo: PTI

മുംബൈ: മുംബൈയിൽ താക്കറെ കുടുംബത്തിനുള്ള മേൽക്കൈ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഓർമിപ്പിച്ച് ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത്. മിനിറ്റുകൾക്കുള്ളിൽ മുംബൈ നഗരത്തെ നിശ്ചലമാക്കാൻ താക്കറെ കുടുംബത്തിന് ഇപ്പോഴും കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എന്നാൽ, അതൊക്കെ പണ്ടു നടന്നിരിക്കുമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കില്ലെന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തിരിച്ചടിച്ചു.

ഞായറാഴ്ച രാവിലെ എൻഡിടിവി പവർ പ്ലേയിൽ സംസാരിക്കവെ ആയിരുന്നു ഇരുനേതാക്കളുടേയും വാദപ്രതിവാദം. 'തിരഞ്ഞെടുപ്പിൽ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരൂന്നിയ, മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളിലൊന്നാണ് താക്കറെ കുടുംബം. ആ കുടുംബത്തെ ഒരിക്കലും തുടച്ചുനീക്കാൻ കഴിയില്ല. ഞങ്ങൾ വിചാരിച്ചാൽ ഇപ്പോഴും 10 മിനിറ്റിനുള്ളിൽ മുംബൈ നഗരത്തെ നിശ്ചലമാക്കാൻ സാധിക്കും.' റാവുത്ത് പറഞ്ഞു.

ഇതേപരിപാടിയിൽ തന്നെ റാവുത്തിനുള്ള മറുപടിയുമായി ഫഡ്‌നാവിസും എത്തി. 'ഏക്‌നാഥ് ഷിന്ദേയെ മുംബൈയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. എന്നാൽ അദ്ദേഹം 50 എംഎൽഎമാരുമായി വരികയും രാജ്ഭവനിൽ പോയി സർക്കാർ രൂപീകരിക്കുകയും ചെയ്തു. റാവുത്ത് പറഞ്ഞതുപോലെ മുംബൈയെ നിശ്ചലമാക്കാൻ, ഒരുപക്ഷേ ബാൽ താക്കറെ ജീവിച്ചിരുന്നപ്പോൾ നടന്നിരുന്നേക്കും. എന്നാൽ ഇപ്പോഴുള്ളവർക്ക് അതൊന്നും ഇനി ചെയ്യാൻ കഴിയില്ല.' ബിജെപി നേതാവ് പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചെത്തിയതിന് പിന്നാലെയാണ് റാവുത്ത് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. വാശിയേറിയ മത്സരം നടക്കാൻ സാധ്യതയുള്ള ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

'ഉദ്ധവും രാജും സഹോദരങ്ങളാണ്. അവരുടെ അമ്മമാർ സഹോദരിമാരാണ്. ഇത് കുടുംബപരമായ കാര്യമായിരുന്നു. ഞാൻ ഇരുവശത്തും സുഹൃത്താണ്. അവരുടെ പുനഃസമാഗമത്തിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതൊരു ഭാഗ്യമാണെന്നാണ് കരുതുന്നത്.' റാവുത്ത് പറഞ്ഞു. രണ്ട് സഹോദരന്മാരും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഹിന്ദുത്വ-മതേതര അജണ്ടയിൽ വ്യത്യസ്തരായിരിക്കെ തന്നെ സേന കോൺഗ്രസുമായി ഒന്നിച്ചതിനെക്കുറിച്ചുള്ള കഴിഞ്ഞകാല രാഷ്ട്രീയ നീക്കങ്ങളും അദ്ദേഹം ഓർമിപ്പിച്ചു. 'താക്കറെമാരുടെ പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ രാഷ്ട്രത്തെ മുൻഗണന നൽകി അവർ ഒന്നിച്ചിരിക്കുന്നു. സഖ്യത്തിനായി, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക് ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നേക്കും. എന്നാൽ ശത്രുതയുടെ രാഷ്ട്രീയം രാജ്യത്തെ തകർക്കും എന്ന് അവർ മനസിലാക്കുന്നു.' റാവുത്ത് പറഞ്ഞു.

ഇത്തരം സഖ്യങ്ങൾക്കുവേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. 'മഹാരാഷ്ട്രയ്ക്കുവേണ്ടി താക്കറെമാർ ഒന്നിക്കേണ്ടത് അനിവാര്യമായിരുന്നു. താക്കറെ സഹോദരന്മാർ ഒരു ബ്രാൻഡാണ്. താക്കറെമാർ അതിജീവിക്കുകയാണെങ്കിൽ, മറാത്തി മാനോസ് അതിജീവിക്കും. 'ഉദ്ധവും രാജും വ്യത്യസ്തരല്ല. ഞങ്ങൾ ഒന്നാണ്. ഇത്തവണ മേയർ ഞങ്ങളുടേതായിരിക്കും.' റാവുത്ത് പറഞ്ഞു. അധികാര തർക്കത്തിന് പിന്നാലെ ഉദ്ധവ് താക്കറെയിൽ നിന്ന് ശിവസേന പാർട്ടി പിടിച്ചെടുത്ത ഷിൻന്ദെയുമായി താക്കറെ വിഭാഗം ഒരിക്കലും വീണ്ടും ഒന്നിച്ച് പ്രവർത്തിക്കില്ലെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞു. 

Content Highlights: Sanjay Raut warns of Mumbai shutdown by Thackerays. Devendra Fadnavis dismisses the threat, citing past events and current political landscape. Read for details.