ആദ്യം സഖ്യത്തിലേക്ക് ക്ഷണം, പിന്നാലെ ചർച്ച; കൂടിക്കാഴ്ച നടത്തി ഫഡ്‌നവിസും ഉദ്ധവും

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി കൂടിക്കാഴ്ച നടത്തി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും. ഉദ്ധവ് താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തങ്ങളുടെ പക്ഷത്തേക്ക് ക്ഷണിച്ചതിന് പിന്നാലെ നടന്ന കൂടിക്കാഴ്ച താക്കറെ വിഭാഗവുമായി ബിജെപി അനുനയ നീക്കങ്ങൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തിരിക്കൊളുത്തിയിരിക്കുകയാണ്.
ഫഡ്‌നവിസിന്റെ ചേംബറിനോട് ചേർന്നുള്ള മുറിയിലായിരുന്ന കൂടിക്കാഴ്ച. ഇരുപത് മിനിറ്റുകളോളം ചർച്ച നീണ്ടു. എന്നാൽ, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെക്കുറിച്ചും ത്രിഭാഷാ പദ്ധതിയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണത്തെക്കുറിച്ചുമായിരുന്നു ചർച്ചയെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച നിയമസഭയിൽ വെച്ച് ഫഡ്‌നവിസ് ഉദ്ധവിനോട് നടത്തിയ നർമ്മം കലർന്ന പരാമർശമാണ് അഭ്യൂഹങ്ങൾക്ക് ആധാരം. "നോക്കൂ ഉദ്ധവ്-ജി, 2029 വരെ ഞങ്ങൾക്ക് പ്രതിപക്ഷത്ത് വരേണ്ട സാഹചര്യമില്ല. എന്നാൽ നിങ്ങൾക്ക് ഇങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ, അതിനെക്കുറിച്ച് ആലോചിക്കാം. അത് നിങ്ങളെ ആശ്രയിച്ചിരിക്കും, പരിഗണിക്കാവുന്നതാണ്". ഫഡ്‌നാവിസ് ഉദ്ധവ് താക്കറെയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും ഉദ്ധവ് താക്കറെ പക്ഷ ശിവസേനാംഗവുമായ അംബാദാസ് ദൻവെയുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഫഡ്‌നാവിസിന്റെ പരാമർശം. അംബാദാസ് ദൻവെ പാർട്ടിയിലോ പ്രതിപക്ഷത്തോ എവിടെയായിരുന്നാലും അദ്ദേഹത്തിന്റെ യഥാർത്ഥ ചിന്തകൾ വലതുപക്ഷത്തിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഖ്യാത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരാമർശം തമാശയായി ഉദ്ധവ് തള്ളിക്കളഞ്ഞെങ്കിലും താക്കറെ വിഭാഗവുമായി ബിജെപി അനുനയ നീക്കങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിൽ ഇത് വീണ്ടും അഭ്യൂഹങ്ങൾക്ക് വഴി തുറന്നിരുന്നു.
2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നതിലെ തർക്കത്തെ തുടർന്ന് ശിവസേന ബിജെപിയുമായുള്ള ദീർഘകാല സഖ്യകക്ഷി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ പാർട്ടി പിളർത്തി ഏകനാഥ് ഷിൻഡെ ബിജെപിയോടൊപ്പം ചേർന്നു. ഫഡ്‌നവിസും ഷിൻഡെയും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവങ്ങൾ എന്നതാണ് രാഷ്ട്രീയ ചർച്ചകൾക്ക് പിന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉപമുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെയെ നിയന്ത്രിച്ചു നിർത്താനുള്ള ഒരു തന്ത്രം കൂടിയാകാം ഫഡ്‌നാവിസിന്റെ ഈ പരാമർശമെന്നും വിലയിരുത്തലുകളുണ്ട്.
Content Highlights: Uddhav and Aaditya Thackeray met Devendra Fadnavis sparking speculation