ഹിന്ദി നടിമാരെ വരെ വിളിച്ചുകൊണ്ടുപോയി, രാഷ്ട്രപതിയെ ക്ഷണിച്ചില്ല, കാരണമിതാണ്...വിമര്‍ശിച്ച് ഉദയനിധി

മധുര: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്തതില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ഉദയനിധി സ്റ്റാലിന്. '800 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ചരിത്രപരമായ പാര്‍ലമെന്റ് മന്ദിരം. ചില ഹിന്ദിനടിമാരെ പുതിയ മന്ദിരത്തിലേക്ക് കൊണ്ടുപോയി. പക്ഷേ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. ഇന്ത്യയുടെ പ്രഥമ പൗരയായിട്ട് കൂടി രാഷ്ട്പതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ചില്ല. കാരണം ദ്രൗപദി മുര്‍മു ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാളാണ്. വിധവയാണ്. ഇതിനെയാണ് സനാതന ധര്‍മ്മം എന്ന് വിളിക്കുന്നത്'-ഉദയനിധി സ്റ്റാലിന് പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമടക്കം പുറത്തുവന്നിട്ടുണ്ട്. ഡിഎംകെയുടെ യുവജനവിഭാഗം മധുരയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
സനാതന ധര്‍മം ഡെങ്കിയും മലേറിയയുംപോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധിയുടെ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ പാര്‍ലമെന്റ് മന്ദിരവുമായി ബന്ധപ്പെടുത്തിയുള്ള ഉദയനിധിയുടെ പുതിയ പരാമര്‍ശം. സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അടക്കം ജാഗ്രത പാലിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡിഎംകെ നേതാക്കള്‍ക്കും പിന്നീട് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു. പിന്നാലെയാണ് വീണ്ടും സമാനമായ പരാമര്‍ശം.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തകാര്യം ചൂണ്ടിക്കാട്ടി ഉദയനിധി നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാഷ്ട്രപതിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെയും സാന്നിധ്യം ഉണ്ടാകേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വളരെ മനോഹരമായ കെട്ടിടമാണിത്. എന്നാല്‍ ഇവിടേക്ക് മാറുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ സാന്നിധ്യവും ഉണ്ടാകേണ്ടതായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ഒരു വനിതയാണ്. ഗോത്രവര്‍ഗ വിഭാഗത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അവരുടെ സാന്നിധ്യം ഉണ്ടാകേണ്ടതായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
ഹിന്ദി സിനിമാ താരങ്ങളടക്കം പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ചകാര്യം ചൂണ്ടിക്കാട്ടിയാണ് ഉദയനിധി സ്റ്റാലിന് വീണ്ടും വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.
Content Highlights: Udayanidhi Stalin DMK Sanatan Dharma new Parliament building President Droupadi Murmu