സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിതേടി യുവാക്കൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിതേടി യുവാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈദരാബാദിൽ നിന്നുള്ളവരാണ് യുവാക്കള്‍. 1954 ലെ സ്‌പെഷ്യൽ മാരിയേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
സുപ്രിയോ ചക്രവർത്തി, അഭയ് ദങ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പത്ത് വർഷമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഇരുവരും കോവിഡ് ബാധിതരായിരുന്നു. തുടർന്നാണ് വിവാഹിതരാകാൻ തീരുമാനിച്ചത്.
ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ ഒമ്പതാം വാർഷികത്തിൽ ഇരുവരും വിവാഹിതരായി. 2021 ഡിസംബറിൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ സ്വവർഗ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരോട് വിവേചനപരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യത്യസ്ത ജാതിയിലും, മതത്തിലുംപെട്ടവരുടെ വിവാഹം സുപ്രീം കോടതി ഭരണഘടനാപരമായ പരിരക്ഷ നൽകിയിട്ടുണ്ട്. അതുപോലെ സ്വവർഗ വിവാഹത്തിനും ആ പരിരക്ഷ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഒമ്പത് ഹർജികൾ കേരള ഹൈക്കോടതി ഉൾപ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുണ്ട്.
Content Highlights: Two Men Move Supreme Court Seeking Recognition of SAME-SEX MARRIAGE Under the Special Marriage Act