നാലുവനിതകൾ, ഏഴു ദളിതർ; പുതുചരിത്രം കുറിച്ച് തമിഴ്‌നാട്ടിലെ വിജയ് മന്ത്രിസഭ

#News Desk
വിജയ്(ഇടത്ത്) മന്ത്രിമാരായ എസ്. കീര്‍ത്തന, എസ്. കമലി(വലത്ത്, മുകളില്‍) സി. വിജയലക്ഷ്മി, കെ. ജഗദീശ്വരി(വലത്ത്, താഴെ) | Photo: PTI & Mathrubhumi
വിജയ്(ഇടത്ത്) മന്ത്രിമാരായ എസ്. കീര്‍ത്തന, എസ്. കമലി(വലത്ത്, മുകളില്‍) സി. വിജയലക്ഷ്മി, കെ. ജഗദീശ്വരി(വലത്ത്, താഴെ) | Photo: PTI & Mathrubhumi

ചെന്നൈ: നാലുവനിതകളെയും ദളിത് വിഭാഗത്തിൽനിന്നുള്ള ഏഴുപേരെയും മന്ത്രിസഭയിലെടുത്ത് തമിഴ്നാട്ടിലെ വിജയ് സർക്കാർ ചരിത്രം സൃഷ്ടിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വനിത-ദളിത് പ്രാതിനിധ്യമാണ് ഇത്തവണത്തേത്.

അവിനാശി മണ്ഡലത്തിൽനിന്ന് ജയിച്ച എസ്. കമലി, കുമാരപാളയത്തുനിന്നുള്ള സി. വിജയലക്ഷ്മി, രാജപാളയത്തുനിന്നുള്ള കെ. ജഗദീശ്വരി എന്നിവരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത വനിതകൾ. വ്യവസായമന്ത്രി എസ്. കീർത്തന മുഖ്യമന്ത്രി ജോസഫ് വിജയ്ക്കൊപ്പം അധികാരമേറ്റിരുന്നു. 28 വയസ്സുകാരി കമലിയാണ് ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി. കേന്ദ്രമന്ത്രി എൽ. മുരുകനെയാണ് അവർ തോൽപ്പിച്ചത്.

സ്ഥാനമൊഴിഞ്ഞ എം.കെ. സ്റ്റാലിൻ മന്ത്രിസഭയിൽ രണ്ടുവനിതകളാണുണ്ടായിരുന്നത്. 2011-2016 കാലത്തെ ജയലളിത മന്ത്രിസഭയായിരുന്നു വനിതാ പ്രാതിനിധ്യത്തിൽ മുന്നിൽ. അന്ന് മൂന്നു വനിതകളാണുണ്ടായിരുന്നത്. 1967-ലെ അണ്ണാദുരൈ സർക്കാരിലെ സത്യവാണി മുത്തുവാണ് സംസ്ഥാനത്തെ ആദ്യത്തെ വനിതാമന്ത്രി.

ദളിത് വിഭാഗത്തിൽനിന്നുള്ള ഏഴു മന്ത്രിമാരിൽ ആറുപേർ സംവരണ മണ്ഡലങ്ങളിൽനിന്ന് ജയിച്ചവരാണ്. കോൺഗ്രസിന്റെ പി. വിശ്വനാഥൻ പൊതുസീറ്റിൽനിന്നാണ് ജയിച്ചത്. വിശ്വനാഥന് ഉന്നതവിദ്യാഭ്യാസവകുപ്പാണ് നൽകിയിരിക്കുന്നത്. ദളിത് വിഭാഗത്തിൽനിന്നുതന്നെയുള്ള എ. രാജ്മോഹനാണ് പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി. സ്ഥാനമൊഴിഞ്ഞ ഡി.എം.കെ. മന്ത്രിസഭയിൽ ദളിത് വിഭാഗത്തിൽനിന്ന് നാലുപേരാണുണ്ടായിരുന്നത്. വിജയ് മന്ത്രിസഭയിൽ ഏഴുക്രൈസ്തവരും ഒരു മുസ്ലിമും രണ്ട് ബ്രാഹ്‌മണരുമുണ്ട്.

Content Highlights: Joseph Vijay's cabinet sets a historic record for women and Dalit ministers., Four women appointed, including the youngest minister S. Kamali (28)., Dalit representation increased to seven ministers in the 2026 cabinet., Diverse cabinet composition including Christian, Muslim, and Brahmin representation.