ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല, 25 തവണ സ്ഥലംമാറ്റം; ‘unstoppable സിങ്കത്തിന്’ കൈയടിച്ച്‌ ജനങ്ങൾ

#ന്യൂസ് ഡെസ്ക്
'അൺസ്റ്റോപ്പബിൾ തുക്കാറാം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photo: Screengrab from instagram.com/intd_bhagyeshd
'അൺസ്റ്റോപ്പബിൾ തുക്കാറാം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photo: Screengrab from instagram.com/intd_bhagyeshd

പുണെ: ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മയ്ക്കെതിരെയും നിയമലംഘനങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുന്ന മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) കമ്മിഷണർ തുക്കാറാം മുണ്ഡെയ്ക്ക് ജനങ്ങളുടെ ആദരം. പുണെയിലെ ബാൽ ഗന്ധർവ രംഗ മന്ദിറിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം വേദിയിലേക്കെത്തിയപ്പോൾ സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് വരവേറ്റത്.

‘അൺസ്റ്റോപ്പബിൾ തുക്കാറാം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ ഹൃദ്യമായ സ്വീകരണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥന് ഇത്രയധികം സ്നേഹവും ബഹുമാനവും ആദരവും ലഭിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നതെന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. ഇതിനിടെ തനിക്ക് ലഭിച്ച സ്വീകരണത്തിൽ മുണ്ഡെ വികാരാധീനനായി.

സംസ്ഥാനത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകൾ വലിയ ജനശ്രദ്ധയാണ് നേടുന്നത്. നടപടികളുടെ ഭാഗമായി മഹാരാഷ്ട്രയിലുടനീളമുള്ള റെസ്റ്റോറന്റുകൾ, പബ്ബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തിവരികയാണ്. മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇതുവരെ നൂറോളം സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

പഴകിയ ഭക്ഷണസാധനങ്ങൾ വിൽക്കുക, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിക്കുക, പൂപ്പൽ ബാധിച്ച മാംസം ഉപയോഗിക്കുക, ആവർത്തിച്ച് ഉപയോഗിച്ച എണ്ണയിൽ ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ഗുരുതരമായ വീഴ്ചകൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് എഫ്.ഡി.എയുടെ പരിശോധനാ ക്യാമ്പയിന് വലിയ മാധ്യമശ്രദ്ധ നേടിക്കൊടുത്തു. ഏതെങ്കിലും പ്രത്യേക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതല്ല പരിശോധനകളെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാനുമാണ് ഇതെന്നും മുണ്ഡെ വ്യക്തമാക്കി.

നിയമങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഉദ്യോഗസ്ഥനായാണ് തുക്കാറാം മുണ്ഡെ അറിയപ്പെടുന്നത്. ബീഡ് ജില്ലയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം 2005 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സോഷ്യൽ മീഡിയയിൽ പലരും അദ്ദേഹത്തെ 'സിങ്കം' സിനിമയിലെ ഉദ്യോഗസ്ഥനോടാണ് ഉപമിക്കുന്നത്. നിയമങ്ങൾ കർശനമായി പാലിക്കുന്നതിന്റെ പേരിൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ ഏകദേശം 25 തവണയോളം അദ്ദേഹം സ്ഥലംമാറ്റത്തിന് ഇരയായിട്ടുണ്ട്.

സോളാപൂർ കളക്ടറായിരിക്കെ ജലസംരക്ഷണ മേഖലയിൽ അദ്ദേഹം നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ‘വാട്ടർമാൻ ഓഫ് മഹാരാഷ്ട്ര’ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കർശന നിലപാടുകൾക്ക് വലിയ തോതിലുള്ള പിന്തുണയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.