വൈരാഗ്യം കലാശിച്ചത് തീവെപ്പിൽ; ഡൽഹിയിലെ പാർപ്പിട സമുച്ചയത്തിന് തീവെച്ച കേസിൽ 3 പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ തുഗ്ലക്കാബാദിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ 17-കാരി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സാമ്പത്തിക തർക്കം കാരണമുണ്ടായ വ്യക്തി വൈരാഗ്യത്തിന് പ്രതികാരമായിട്ടാണ് പ്രതികൾ വാഹനത്തിന് തീവെച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ താമസിക്കുന്ന ആളുമായി പ്രതികൾക്ക് സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി ഇയാളുടെ ഉടമസ്ഥതയിലുള്ള കാറിന് യുവതിയും 17 വയസ്സുകാരിയും ചേർന്ന് തീയിടുകയായിരുന്നു. യുവതിയാണ് പെൺകുട്ടിക്ക് തീയിടാനാവശ്യമായ പെട്രോളും തീപ്പെട്ടിയും നൽകിയത്. വാഹനത്തിന് തീയിട്ട ശേഷം ഇവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.
പ്രതികൾ ലക്ഷ്യം വെച്ചത് അഞ്ചാം നിലയിലെ താമസക്കാരനെയായിരുന്നെങ്കിലും പാർക്കിങ് ഏരിയയിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. തീപിടുത്തത്തിൽ രണ്ടും നാലും നിലകളിൽ താമസിച്ചിരുന്ന മൂന്ന് പേർ മരിച്ചു. പരിക്കേറ്റ എട്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മൂന്ന് സ്കൂട്ടറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവയും കത്തിനശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും 17 വയസ്സുകാരിയെയും ഇവരെ സഹായിച്ച യുവതിയുടെ സഹോദരനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങൾ ഉദ്ദേശിച്ചതിലും വലിയ രീതിയിൽ തീ പടർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രതികളുടെ മൊഴി. പിടിയിലായ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: Arson triggered by a personal financial dispute between residents., Two women and two accomplices arrested for setting vehicles on fire., Incident resulted in 3 fatalities and 8 injuries., CCTV footage proved vital in identifying the perpetrators., Fire spread from parked vehicles to residential floors due to smoke.