തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്? 50 എംഎൽഎമാരും 20 എംപിമാരും കൂടെ വരുമെന്ന് ബിജെപി എംപി

കൊൽക്കത്ത: ഭരണത്തിൽനിന്ന് പുറത്തായതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലാണെന്ന് അവകാശപ്പെട്ട് ബിജെപി എംപി സൗമിത്ര ഖാൻ. തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിൽ ചേരാൻ തയ്യാറായി നിൽക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തൃണമൂൽ നേതൃത്വത്തിനോട് അതൃപ്തിയുള്ള വലിയൊരു വിഭാഗം നേതാക്കൾ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സൗമിത്ര ഖാൻ പറഞ്ഞു. ബിജെപി നേതൃത്വം പച്ചക്കൊടി കാട്ടിയാൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ 'പാപി' എന്ന് വിശേഷിപ്പിച്ച ഖാൻ, അദ്ദേഹം ഉടൻ ജയിലിൽ പോകേണ്ടി വരുമെന്നും പരിഹസിച്ചു. 2021-ൽ ബിജെപി പ്രവർത്തകരുടെ വീടുകൾ തകർത്തവർ ഇപ്പോൾ അതിന്റെ ഫലം അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ അഭിഷേകിന്റെ വസതിക്ക് മുന്നിൽ വരെ ബുൾഡോസറെത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൗമിത്ര ഖാന്റെ അവകാശവാദങ്ങൾ തൃണമൂൽ കോൺഗ്രസ് പൂർണ്ണമായും തള്ളി. ബിജെപി നേതാവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അത്തരത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും തൃണമൂൽ എംപി സൗഗത റോയ് പ്രതികരിച്ചു. അതിനിടെ വിവിധ നഗരസഭകളിൽ നിന്നായി ഏകദേശം 100 തൃണമൂൽ കോൺഗ്രസ് കൗൺസിലർമാർ ഇതിനകം രാജിവെച്ചിട്ടുണ്ട്. ഭട്ട്പാര നഗരസഭയിൽ 35-ൽ 30 കൗൺസിലർമാരും രാജിവെച്ചതോടെ ഭരണം പ്രതിസന്ധിയിലായി. ഹാലിസഹർ, കാഞ്ചൻപാറ നഗരസഭകളിലും സമാനമായ രീതിയിൽ കൗൺസിലർമാർ കൂട്ടത്തോടെ പാർട്ടി വിട്ടു.
അഴിമതി ആരോപണങ്ങളിൽ കുടുങ്ങി മുൻ മന്ത്രി സുജിത് ബോസ് ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലായതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പല നഗരസഭകളിലും ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് രാജിവെച്ച നേതാക്കൾ ആരോപിക്കുന്നു. തൃണമൂൽ എംപി കാകൊളി ഘോഷ് ദസ്തിദാർ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇവർക്ക് കേന്ദ്ര സർക്കാർ വൈ-കാറ്റഗറി സുരക്ഷ അനുവദിച്ചതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഉടലെടുത്ത അസംതൃപ്തിയും അഴിമതി ആരോപണങ്ങളും മമത ബാനർജിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കൗൺസിലർമാർ രാജിവെക്കരുതെന്ന് മമത ബാനർജി അഭ്യർത്ഥിച്ചെങ്കിലും പലയിടത്തും രാജി തുടരുകയാണ്.
Content Highlights: BJP MP Soumitra Khan claims 50 TMC MLAs and 20 MPs are ready to switch parties., Mass resignations reported across Bhatpara, Halisahar, and Kanchrapara municipalities., Corruption allegations against former minister Sujit Bose add to TMC's instability., Mamata Banerjee struggling to contain internal dissent following electoral defeat., Political speculation rises after Kakoli Ghosh Dastidar met Suvendu Adhikari.