ഉദയനിധി സ്റ്റാലിന്റെ പിറന്നാളാഘോഷത്തിൽ യുവതികളുടെ നൃത്തം; പ്രതിഷേധവുമായി ബിജെപി; വെട്ടിലായി ഡിഎംകെ മന്ത്രി

#ന്യൂസ് ഡെസ്ക്
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിൽ യുവതികൾ നൃത്തംചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ കുരുക്കിലായി തമിഴ്‌നാട് സഹകരണ മന്ത്രി എസ്. പെരിയകറുപ്പൻ. ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വിരുന്നിൽ തമിഴ്‌നാട് മന്ത്രി എസ്. പെരിയകറുപ്പൻ യുവതികളുടെ നൃത്തം ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് മന്ത്രിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർന്നത്.

തമിഴ് സംസ്കാരത്തിനും സ്ത്രീകളുടെ അന്തസ്സിനും ഹാനികരമായ പ്രവൃത്തിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി ആരോപിച്ചു. ‘വിനോദത്തിലും സത്ക്കാരങ്ങളിലും മുഴുകാൻ എന്തിനാണ് സർക്കാർപദവി ഏറ്റെടുക്കുന്നത്? മുതിർന്ന മന്ത്രിമാർ യാതൊരു യോഗ്യതയുമില്ലാതെ, പാരമ്പര്യ പിന്തുടർച്ചയുടെ അടിസ്ഥാനത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ജന്മദിനം ആഘോഷിക്കുന്നത് അടിമത്തത്തിന്റെ ലക്ഷണമാണ്’, എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ബിജെപി പറഞ്ഞു.

പരിപാടിയെ അശ്ലീലകാഴ്ചയാക്കി മാറ്റുന്നവർക്ക് ആത്മാഭിമാനത്തെക്കുറിച്ചോ യുക്തിസഹമായ ചിന്തയെക്കുറിച്ചോ സംസാരിക്കാൻ പോലും യോഗ്യതയില്ലെന്ന് ബിജെപി ആരോപിച്ചു. അർദ്ധനഗ്ന വസ്ത്രം ധരിച്ച സ്ത്രീകളെ വിളിച്ചുവരുത്തി നൃത്തംചെയ്യിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഡിഎംകെ നേതാക്കളെ ആശ്രയിക്കേണ്ടിവരുമ്പോൾ തമിഴ്‌നാട്ടിലെ സ്ത്രീകൾ എങ്ങനെ പരാതികൾ ഉന്നയിക്കുമെന്നും ബിജെപി ചോദിച്ചു.

അതിനിടെ, മന്ത്രി സ്ത്രീകളോട് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു എന്ന ആരോപണം ഡിഎംകെ വൃത്തങ്ങൾ നിഷേധിച്ചു. സ്ത്രീകൾ സ്വയം വേദിയിൽനിന്ന് ഇറങ്ങി മന്ത്രിയുടെ മുന്നിൽ നൃത്തംചെയ്യുകയായിരുന്നെന്നാണ് ഇവരുടെ വാദം. എഐഎഡിഎംകെയും വിരുന്നുകളിൽ നൃത്ത പ്രകടനങ്ങൾ നടത്താറുണ്ടെന്ന് ഡിഎംകെ നേതാക്കൾ ചൂണ്ടിക്കാട്ടി.

Content Highlights: Tamil Nadu Minister S. Periyakaruppan is facing criticism after videos of young women dancing at Udhayanidhi Stalin`s birthday celebrations went viral.