‘സ്ത്രീകളെ അപമാനിച്ചാൽ വെറുതേവിടില്ല’; സഭയിൽ കത്തിക്കയറി വിജയ്, തൃഷയ്ക്കെതിരായ പരാമർശത്തിൽ താക്കീത്

#ന്യൂസ് ഡെസ്ക്
വിജയ്, ഉദയനിധി സ്റ്റാലിൻ | Photo: PTI
വിജയ്, ഉദയനിധി സ്റ്റാലിൻ | Photo: PTI

ചെന്നൈ: സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്താൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്‌ക്കെതിരെ നടത്തിയ വിവാദ ദ്വയാർഥ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സഭയിൽ ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിജയ്‌യുടെ വിമർശനം.

ഭരണഘടന നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നാമെല്ലാവരും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെയെല്ലാം വീടുകളിൽ അമ്മമാരും സഹോദരിമാരുമുണ്ടെന്നും പൊതുവേദിയിൽ ഇത്തരം ദ്വയാർഥ വാക്കുകൾ ഉപയോഗിക്കുന്നത് ജനങ്ങൾ കാണുന്നുണ്ടെന്നും വിജയ് പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിന് ക്രമസമാധാനപാലനം അത്യാവശ്യമാണെന്നും പോലീസ് സേനയെ വെറും അറസ്റ്റ് ചെയ്യാനുള്ള ഒരു ഏജൻസിയായി മാത്രം കാണരുതെന്നും മുഖ്യമന്ത്രി സഭയിൽ കൂട്ടിച്ചേർത്തു. നിയമം പാലിക്കുന്നവർക്ക് പോലീസ് സുഹൃത്തും അല്ലാത്തവർക്ക് ശത്രുവുമായിരിക്കും. പോലീസിന്റെ ഔദ്യോഗിക കാര്യങ്ങളിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റ് ഉദ്യോഗസ്ഥരോ ഇടപെടാൻ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും വിജയ് വ്യക്തമാക്കി.

നടിയും വിജയ്‌യുടെ അടുത്ത സുഹൃത്തുമായ തൃഷയെ ലക്ഷ്യംവെച്ച് ഉദയനിധി സ്റ്റാലിൻ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിൽ കഴിഞ്ഞമാസം ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും വിജയ് സർക്കാരിന്റേത് രാഷ്ട്രീയ പ്രതികാരമാണെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം.

Content Highlights: TN Chief Minister Vijay stated that strict legal action will be taken against anyone disrespecting women., Addressed controversial remarks made against actress Trisha without taking names., Emphasized that police force should not be used merely as an arresting agency and corruption will not be tolerated., Warned that police officers involved in custodial deaths or torture will not receive protection.