NEET തമിഴ്നാട്ടിലെ വിദ്യാർഥികളോടുള്ള അനീതി; ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും വിജയ്

ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷ തമിഴ്നാട്ടിലെ വിദ്യാർഥികളോട് കാണിക്കുന്ന അനീതിയാണെന്നും വിദ്യാർഥികൾക്കുമേൽ ഒരുതരത്തിലുള്ള ഭാഷാ അടിച്ചേൽപ്പിക്കലും അനുവദിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. തിങ്കളാഴ്ച നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിന് മറുപടി പറയവേയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
ചോദ്യപേപ്പർ ചോർച്ചയെയും ക്രമക്കേടുകളെയും തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ, ജൂൺ 21-ന് നടന്ന നീറ്റ് പുനർപരീക്ഷയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. തമിഴ്നാട്ടിലെ വിദ്യാർഥികളെ നീറ്റ് പരീക്ഷ ദോഷകരമായി ബാധിക്കുന്നുവെന്നത് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ വിഷയമാണ്. നീറ്റ് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ സമ്മർദ്ദം മൂലം തമിഴ്നാട്ടിൽ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതും ചൂണ്ടിക്കാട്ടി അദ്ദേഹം നീറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകണമെന്നതാണ് സംസ്ഥാനത്തിന്റെ താല്പര്യമെന്ന് വിജയ് പറഞ്ഞു. പരീക്ഷാ സമ്മർദ്ദം മൂലം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി, തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന നിലവിലുള്ള ഇരുഭാഷാ നയം തന്നെ സംസ്ഥാനത്തിന് മതിയെന്നും പറഞ്ഞു.
നീറ്റ് പോലുള്ള കേന്ദ്ര ഗവൺമെൻ്റ് പരീക്ഷകൾ റദ്ദാക്കുകയോ അല്ലെങ്കിൽ തമിഴ്നാടിനെ ഇതിൽനിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്ന് പി.എം.കെ നേതാവ് അൻപുമണി രാമദോസും ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടിൽ ചെന്നൈയിലെ 43 കേന്ദ്രങ്ങളുൾപ്പെടെ ആകെ 307 കേന്ദ്രങ്ങളിലായി 1,42,489 വിദ്യാർഥികളാണ് പുനർപരീക്ഷയ്ക്കായി എൻറോൾ ചെയ്തത്. പരീക്ഷ കഠിനമായിരുന്നുവെന്ന വിദ്യാർഥികളുടെ പ്രതികരണം പുറത്തുവന്നിരുന്നു. പരീക്ഷയുടെ സമ്മർദത്തിൽ തമിഴ്നാട്ടിൽ 24 മണിക്കൂറിൽ രണ്ട് മെഡിക്കൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്ത വാർത്തകൾ വലിയ ചർച്ചയായിരുന്നു.
Content Highlights: CM Vijay denounces NEET as an injustice to Tamil Nadu students., Strong opposition against language imposition in educational assessments., Addressal of the June 21 NEET re-exam aftermath and student welfare., Reiteration of TVK's 2026 electoral mandate with 1.72 crore votes., Call for cross-party unity to prioritize state development.