'യഥാർത്ഥ തൃണമൂൽ' തങ്ങളെന്ന് അവകാശപ്പെട്ട് സ്പീക്കറെ സമീപിക്കാൻ വിമതർ, 19 എംപിമാരുടെ ഒപ്പ്

ന്യൂഡൽഹി: യഥാർത്ഥ തൃണമൂൽ കോൺഗ്രസായി തങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കറെ സമീപിക്കാനൊരുങ്ങി ടിഎംസി വിമതർ. തങ്ങൾക്കൊപ്പം 19 അംഗങ്ങൾ ഉണ്ടെന്നും യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്നുമാണ് വിമത എംപിമാരിലൊരാളായ ജഗദീഷ് ചന്ദ്ര ബർമ്മ ബസുനിയ പറഞ്ഞു.
കൂച്ച് ബിഹാറിൽ നിന്നുള്ള എംപിയാണ് ബസുനിയ. വിമതപക്ഷം ലോക്‌സഭയിൽ എൻഡിഎ പക്ഷത്തെ പിന്തുണയ്ക്കുമെന്നും ബസുനിയ സൂചന നൽകി. തങ്ങളുടെ അവകാശവാദം അംഗീകരിക്കാൻ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
അവകാശവാദവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സ്പീക്കർക്ക് കത്ത് നൽകും. യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്ന് അവകാശപ്പെടും. തങ്ങൾക്ക് അംഗീകാരം നൽകണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് ബസുനിയ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒപ്പ് ശേഖരണം നേരത്തെ തന്നെ ആരംഭിച്ചുവെന്നും ഇതിനകം 19 എംപിമാർ ഒപ്പിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെക്കുറിച്ച് കല്യാൺ ബാനർജി നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം പറയുന്നത് ശരിയാണ്. കല്യാൺ ബാനർജിയുടെ പ്രസ്താവനയെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ബസുനിയയുടെ മറുപടി.
തന്നെയോ അതോ അഭിഷേക് ബാനർജിയെയോ, ആരെയാണ് പാർട്ടിയിൽ നിലനിർത്തേണ്ടതെന്ന് മമത ബാനർജി തന്നെ തീരുമാനിക്കണം. അഭിഷേക് ബാനർജിയില്ലാതെ പാർട്ടി മുന്നോട്ടുപോകില്ലെന്നാണ് മമത കരുതുന്നതെങ്കിൽ, താൻ പാർട്ടിയിൽ തുടരില്ലെന്നായിരുന്നു കല്യാൺ ബാനർജി പറഞ്ഞത്.
വിമത എംപിമാർക്ക് പണം നൽകുന്നുവെന്ന കീർത്തി ആസാദിന്റെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. അദ്ദേഹം നുണയനാണ്. ആ പറയുന്നത് ശരിയല്ല. ഞങ്ങൾ 19 എംപിമാരുണ്ട്. അദ്ദേഹം ഒരാളാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ബസുനിയ പറഞ്ഞു.
പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറിയാണുണ്ടായത്. എംഎൽഎമാരിൽ ഭൂരിഭാഗം പേരും വിമതപക്ഷത്തേക്ക് മാറി. ഇതിന് പിന്നാലെയാണ് എംപിമാരും വിമത ചേരിയിലേക്ക് എത്തുന്നത്.
Content Highlights: 19 TMC rebel MPs claim to be the real Trinamool Congress., Rebel faction to submit a formal letter to Lok Sabha Speaker Om Birla., Internal rift deepens following support for Kalyan Banerjee's remarks., Rumors of rebel MPs aligning with the NDA coalition., Tensions between Abhishek Banerjee and senior party leaders.