തൃണമൂലിൽ കടുത്ത പ്രതിസന്ധി, തുറന്നുസമ്മതിച്ച് മുതിർന്ന നേതാക്കൾ; മമതയ്ക്ക് മുന്നറിയിപ്പ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് തുറന്നുസമ്മതിച്ച് മുതിർന്ന നേതാക്കൾ. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ വലിയ തോതിലുള്ള അധികാര തർക്കങ്ങളും പിളർപ്പും രൂപപ്പെട്ടിരിക്കുകയാണ്. മുതിർന്ന നേതാക്കളുടെ രാജി, എംപിമാരുടെ കലാപം, കോൺഗ്രസുമായുള്ള ലയന അഭ്യൂഹങ്ങൾ എന്നിവ പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വളർന്നിട്ടുണ്ട്. പാർട്ടി ഒരു വലിയ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന് മുതിർന്ന നേതാക്കൾ തന്നെ തുറന്നുസമ്മതിച്ചതോടെ മമതയുടെ രാഷ്ട്രീയഭാവിയും ചോദ്യമുനയിലായിട്ടുണ്ട്.
മമത ബാനർജിയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ സൗഗത റോയ് തന്നെ പാർട്ടിയുടെ അവസ്ഥയെ പ്രതിസന്ധി എന്ന് വിശേഷിപ്പിച്ചത് ഗൗരവകരമാണ്. ബംഗാളിൽ പ്രതിപക്ഷ ശക്തി വീണ്ടെടുക്കാൻ കോൺഗ്രസുമായി സഹകരിക്കേണ്ടി വരുമെന്ന സൂചനയും അദ്ദേഹം നൽകി. പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ ഏതാനും നേതാക്കളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും പാർലമെന്ററി തലത്തിൽ വരെ പടർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും പരാതികൾ മമത ബാനർജി നേരിട്ട് കേൾക്കണമെന്നും അഭിഷേക് ബാനർജിക്കെതിരെയുള്ള പരാതികൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മമത ബാനർജിയുടെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് തൃണമൂൽ എംപിമാർക്കിടയിൽ ഒരു വലിയ വിമത ഗ്രൂപ്പ് രൂപപ്പെട്ടിരിക്കുകയാണ്. സായോനി ഘോഷ്, യൂസഫ് പത്താൻ എന്നിവരുൾപ്പെടെ 20ഓളം മുതിർന്ന എംപിമാർ ഒപ്പിട്ട കത്ത് പുറത്തുവന്നതോടെ പാർട്ടയിലെ മത ബാനർജിക്കെതിരായ കലാപം മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. തങ്ങളെ പ്രത്യേക വിഭാഗമായി അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ലോക്‌സഭാ എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരുടെ പിന്തുണയുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടില്ലെന്ന് വിമതർ കരുതുന്നു.
രാജ്യസഭാ അംഗങ്ങളുടെ തുടർച്ചയായ രാജി തൃണമൂൽ കോൺഗ്രസിനെ കൂടുതൽ തളർത്തുകയാണ്. സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവർക്ക് പിന്നാലെ പ്രകാശ് ചിക് ബാറെയ്കും കഴിഞ്ഞ ദിവസം തന്റെ രാജി സമർപ്പിച്ചു. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോൾ ബിജെപിക്ക് അനുകൂലമായി മാറിയെന്നാണ് രാജിവെച്ചതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. ദിവസങ്ങൾക്കുള്ളിൽ മൂന്ന് പ്രമുഖ രാജ്യസഭാ എംപിമാർ രാജിവെച്ചത് വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
പാർട്ടിക്കുള്ളിലെ തർക്കങ്ങളുടെ പ്രധാന കേന്ദ്രം അഭിഷേക് ബാനർജിയുടെ പ്രവർത്തനശൈലിയാണെന്ന് വിലയിരുത്തപ്പെടുന്നു. മമതയുടെ ബന്ധു കൂടിയായ അഭിഷേകിന് ചുറ്റും അധികാരം കേന്ദ്രീകരിക്കുന്നത് മുതിർന്ന നേതാക്കളെ അകറ്റിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആഭ്യന്തര കലഹങ്ങൾ പരിഹരിച്ചില്ലെങ്കിൽ പാർട്ടിയുടെ ഭാവി കൂടുതൽ ഇരുളടഞ്ഞതാകുമെന്നാണ് വിലയിരുത്തൽ.
Content Highlights: Explore the ongoing political turmoil within the Trinamool Congress, including rebel MP revolts, recent resignations, and merger speculation.