'ഇറങ്ങിപ്പോ, മിണ്ടിപ്പോകരുത്'; മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും തൃണമൂൽ നേതാക്കളും തമ്മിൽ വാക്‌പോര്

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ കോൺഗ്രസും തമ്മിൽ രൂക്ഷമായ വാക്‌പോര്. ചീഫ് ഇലക്ഷൻ കമ്മീഷണ ർ ഗ്യാനഷ് കുമാർ തങ്ങളുടെ പ്രതിനിധി സംഘത്തെ അധിക്ഷേപിച്ച് ഓഫീസിൽ നിന്ന് ഇറക്കിവിട്ടതായി തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ആരോപിച്ചു. കൂടിക്കാഴ്ച ആരംഭിച്ച് വെറും ഏഴ് മിനിറ്റിനുള്ളിലാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് ഒബ്രിയാൻ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളോട് ഗ്യാനേഷ് കുമാർ 'ഗെറ്റ് ലോസ്റ്റ്' എന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് ഒബ്രിയാൻ ആരോപിച്ചു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നൽകിയ ഒമ്പത് കത്തുകളുമായാണ് തങ്ങൾ കമ്മീഷണറെ കാണാൻ പോയത്. ഉദ്യോഗസ്ഥരുടെ പുനഃസംഘടനയെക്കുറിച്ചും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മാറ്റത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് കമ്മീഷണർ ഇത്തരത്തിൽ പ്രതികരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ലോകസഭയിലും രാജ്യസഭയിലും സ്ഥാനത്തുനിന്ന് നീക്കാൻ നോട്ടീസ് ലഭിച്ച ഏക മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായതിന് ഗ്യാനേഷ്‌കുമാറിനെ പരിഹാസരൂപേണെ തൃണമൂൽ അംഗങ്ങൾ അഭിനന്ദിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതെന്നാണ് വിവരം.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ തൃണമൂൽ നേതാക്കളുടെ വാദങ്ങളെ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഡെറിക് ഒബ്രിയൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ശാസിക്കുകയും സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. കമ്മീഷൻ മുറിയിൽ ബഹളം വെക്കുകയും അച്ചടക്കമില്ലാതെ പെരുമാറുകയും ചെയ്തു. കമ്മീഷൻ മുറിയുടെ മാന്യത പാലിക്കാൻ ഇലക്ഷൻ കമ്മീഷണർ ഡറിക് ഒബ്രിയനോട് അഭ്യർത്ഥിച്ചു. അലറുകയും അനുചിതമായി പെരുമാറുകയും ചെയ്യുന്നത് ശരിയല്ല,' ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തെ തുടർന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ, പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഭയരഹിതവും അക്രമരഹിതവും നിഷ്പക്ഷവുമായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ കമ്മീഷന്റെ ഈ പ്രസ്താവന പൂർണ്ണമായും കള്ളമാണെന്ന് തൃണമൂൽ എം.പിമാരായ സാഗരിക ഘോഷും സാകേത് ഗോഖലെയും ആരോപിച്ചു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളോ ഓഡിയോയോ പുറത്തുവിടാൻ തൃണമൂൽ നേതാക്കൾ കമ്മീഷനെ വെല്ലുവിളിച്ചിട്ടുണ്ട്. ബംഗാളിൽ ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്

Content Highlights: TMC delegation alleges disrespectful treatment by Chief Election Commissioner in 2026., Dispute centered on administrative reshuffling and police officer transfers., Election Commission denies allegations, citing TMC's unruly behavior during the meeting., West Bengal voting scheduled for April 2026 with results on May 4, 2026.