നിയന്ത്രണ രേഖ മറികടന്ന് പാകിസ്താനിലേക്ക് കടക്കാൻ ശ്രമം, 3 പേർ പിടിയിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: AP
പ്രതീകാത്മകചിത്രം | Photo: AP

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ രഹസ്യമായി നിയന്ത്രണരേഖ മറികടന്ന് പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കരസേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവർ പിടിയിലായത്. ഉറിയിലെ ഹത്ലംഗ പ്രദേശത്ത് നിന്നാണ് ഇവർ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ചത്. പിടിയിലായവരിൽ ഒരാൾ സസ്‌പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സബ് ഡിസ്ട്രിക്റ്റ് സ്വദേശികളാണെന്നും കൃത്യമായ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും സൈന്യം വ്യക്തമാക്കി. കരസേനയുടെ ചിനാർ കോറും ജമ്മുകശ്മീർ പോലീസും ചേർന്നാണ് അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

ഇതിനൊപ്പം അതിർത്തി ലംഘിച്ചെത്തിയ ഒരു പാക് അധീന കശ്മീർ സ്വദേശിയെയും സൈന്യം പിടികൂടിയിട്ടുണ്ട്. പാക് അധീന കശ്മീർ സ്വദേശിയായ സീഷൻ അഹമ്മദ് മീർ ആണ് പിടിയിലായത്. അതീവ ജാഗ്രത പാലിച്ച സൈന്യം ഇയാളെ പിടികൂടുകയും തുടർ നിയമനടപടികൾക്കായി ജമ്മു കശ്മീർ പോലീസിന് കൈമാറുകയും ചെയ്തു. രണ്ട് സംഭവങ്ങളിലും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. പിടികൂടിയ മൂവർ സംഘത്തെ, എന്തിനാണ് പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കുന്നതിനായി ചോദ്യം ചെയ്തു വരികയാണ്.

Content Highlights: Three individuals arrested in Uri sector for attempting to cross the LoC., One suspect identified as a suspended Territorial Army personnel., Joint operation conducted by Chinar Corps and Jammu & Kashmir Police., Pakistani-occupied Kashmir national Zeeshan Ahmed Mir also apprehended separately., Ongoing investigation into the motives of the suspects.