ഇടക്കൊച്ചി, തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയം അഴിമതി: വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
supreme court| file photo:PTI
supreme court| file photo:PTI

ന്യൂഡൽഹി: ഇടക്കൊച്ചി, തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയം അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്. കെ.സി.എ. മുൻ അധ്യക്ഷൻ ടി.സി മാത്യു അടക്കം 18 പ്രതികളാണ് കേസിൽ ഉള്ളത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും അതിനാൽ ക്രിക്കറ്റ് സ്റ്റേഡിയം അഴിമതി അന്വേഷിക്കാൻ വിജിലൻസിന് അധികാരം ഉണ്ടെന്നും ആയിരുന്നു കേരള ഹൈക്കോടതി വിധി. ഈ വിധി ചോദ്യം ചെയ്ത് കെ.സി.എ. എറണാകുളം ജില്ലാ സെക്രട്ടറി കാർത്തിക് വർമ്മ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പടുവിച്ചത്.

അസോസിയേഷന്റെ സ്വയംഭരണാധികാരത്തെയും നിയമപരമായ നിലനിൽപ്പിനെയും ബാധിക്കുന്നതാണ് കേരള ഹൈക്കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സുപ്രീം കോടതിയിലെ ഹർജി. ഹർജിക്കാരന് വേണ്ടി സീനിയർ അഡ്വ സിദ്ധാർഥ് ദവെ, അഭിഭാഷകരായ കെ.സി. രഞ്ജിത്ത്, കെ.എൻ. അഭിലാഷ്, ഷീബ എം.കെ., മനു കൃഷ്ണൻ എന്നിവർ ഹാജരായി.

Content Highlights: thodupuzha idakkochi stadium scam supreme court stays vigilance enquiry