വിവാദങ്ങൾക്കൊടുവിൽ ദീപം തെളിഞ്ഞു; തിരുപ്പരംകുണ്ഡ്രത്ത് സി.ആർ.പി.എഫ്. കാവലിൽ കാർത്തിക ദീപം

#ന്യൂസ് ഡെസ്ക്
തിരുപ്പരംകുണ്ഡ്രം കൽത്തൂണിൽ ദീപം തെളിച്ചപ്പോൾ | ഫോട്ടോ - എ.എൻ.ഐ.
തിരുപ്പരംകുണ്ഡ്രം കൽത്തൂണിൽ ദീപം തെളിച്ചപ്പോൾ | ഫോട്ടോ - എ.എൻ.ഐ.

ചെന്നൈ: തിരുപ്പരംകുണ്ഡ്രം മലമുകളിലെ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനു പിന്നാലെ സി.ആർ.പി.എഫിന്റെയും പോലീസിന്റെയും പൂർണസുരക്ഷയിലാണ് ദീപം തെളിച്ചത്‌. 50 പേർക്കാണ് മലമുകളിലേക്ക് പോവാൻ അനുമതിയുണ്ടായിരുന്നത്.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ദീപം തെളിച്ചത്. സുപ്രീംകോടതി നിയോഗിച്ച റിസീവർമാരായ, വിരമിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥന്റെയും ജസ്റ്റിസ് വി. പാർഥിബന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചടങ്ങുകൾ. ദീപം തെളിയിക്കുന്നതിനായി മലമുകളിലെത്തിയ ഇരുവരും ക്ഷേത്രഭരണത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്.

ചടങ്ങുകൾക്ക് മുന്നോടിയായി ഇരുവരും ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ പരമ്പരാഗത പൂജകൾ നടത്തി. തുടർന്ന് ദീപം തെളിക്കാനുള്ള ചെമ്പുപാത്രമായ കൊപ്പരൈ ക്ഷേത്രത്തിലെ പൂജാരിമാർക്ക് കൈമാറി. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽനിന്ന് കൊണ്ടുവന്ന നിലവിലുള്ള അഗ്നി ഉപയോഗിച്ചാണ് ദീപംതെളിച്ചത്. സുപ്രീം കോടതി നിർദേശപ്രകാരം താത്കാലിക തട്ടും ഏണികളും സ്ഥാപിച്ചാണ് പൂജാരിമാർക്ക് ദീപത്തൂൺ ശിലാസ്തംഭത്തിലെത്താൻ സൗകര്യമൊരുക്കിയത്. ഏകദേശം 30 ഗ്രാം നെയ്യ്, 50 മീറ്റർ നീളമുള്ള പരുത്തിത്തിരി, അഞ്ച് കിലോ കർപ്പൂരം എന്നിവയാണ് ദീപംതെളിക്കാൻ തയ്യാറാക്കിയിരുന്നത്.

സുപ്രീം കോടതി നിർദേശപ്രകാരം മലയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫിന് കൈമാറിയിരുന്നു. ശനിയാഴ്ച രാവിലെ സി.ആർ.പി.എഫ്. സംഘവും റാപ്പിഡ് ആക്ഷൻ ഫോഴ്സ് അംഗങ്ങളും സുരക്ഷാ ചുമതല ഏറ്റെടുത്തു. മലയുടെ താഴ്വാരത്തും ദീപത്തൂണിലേക്കുള്ള വഴിയിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. മെഡിക്കൽ സംഘങ്ങളെയും ആംബുലൻസുകളെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.

അതേസമയം, ദീപംതെളിക്കുന്ന സ്ഥലത്തിന് സമീപമുള്ള സിക്കന്ദർ ബാദുഷ ദർഗയിലേക്കുള്ള പ്രവേശനം തടഞ്ഞില്ല. ദർഗയ്ക്ക് ചുറ്റും 50 മീറ്റർ സുരക്ഷാ പരിധി ഉറപ്പാക്കിയാണ് ദീപം തെളിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. സുപ്രീം കോടതി നിർദേശപ്രകാരം ദർഗയിലേക്കുള്ള തീർഥാടകരുടെ പ്രവേശനം അനുവദിക്കുകയും അവിടത്തെ പ്രാർഥനകൾ തുടരുകയും ചെയ്തു. 

മലമുകളിലെ സിക്കന്ദർ ബാദുഷാ ദർഗയ്ക്ക് സമീപമുള്ള 'ദീപത്തൂൺ' എന്ന കൽത്തൂണിൽ കാർത്തിക ദീപം കത്തിക്കണമെന്ന ആവശ്യമാണ് നിലവിലെ വിവാദത്തിന് കാരണം. പരാതി പരിഗണിച്ച സുപ്രീംകോടതി കർശന ഉപാധികളോടെ ദീപം തെളിക്കാൻ ഉത്തരവിട്ടെങ്കിലും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തമിഴ്നാട് സർക്കാർ കോടതി ഉത്തരവ് നടപ്പാക്കിയില്ല. പകരം പരമ്പരാഗതമായി ദീപം തെളിക്കുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപംതന്നെ വിളക്ക് തെളിക്കുകയായിരുന്നു. 

ഇതോടെ, ഉദ്യോഗസ്ഥർ മനഃപൂർവം കോടതിയലക്ഷ്യം നടത്തിയെന്ന് നിരീക്ഷിച്ച സുപ്രീം കോടതി സി.ആർ.പി.എഫ്. സുരക്ഷയോടെ ദീപത്തൂണിൽ വിളക്ക് കത്തിക്കാൻ ഉത്തരവിടുകയായിരുന്നു. പിന്നാലെ, ദർഗയുടെയും കൽത്തൂണിന്റെയും നിയന്ത്രണമേറ്റെടുത്ത സി.ആർ.പി.എഫിന്റെ പൂർണസുരക്ഷയിൽ ദീപം തെളിക്കുകയായിരുന്നു.