'ഇന്നലെ പറഞ്ഞതിന് ക്ഷമചോദിക്കുന്നു, വാക്കുകൾക്കതീതം'; ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി തരൂർ

മുഹമ്മദ് സിറാജ്, ശശി തരൂർ | Photo: AP, PTI
മുഹമ്മദ് സിറാജ്, ശശി തരൂർ | Photo: AP, PTI

ന്യൂഡൽഹി: ഓവൽ ടെസ്റ്റിൽ കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യൻ സംഘം തിരിച്ചുപിടിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം താൻ പറഞ്ഞതിന് ക്ഷമാപണം നടത്തി കോൺഗ്രസ് എംപി ശശി തരൂർ. കഴിഞ്ഞ ദിവസം താൻ ടീം ഇന്ത്യയുടെ പ്രകടനത്തിൽ സംശയം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് തരൂർ എക്സിൽ കുറിച്ചു. ഇന്ത്യൻ ടീമിന്റെ ജയം വാക്കുകൾക്കതീതമാണെന്നും തരൂർ പറഞ്ഞു.

ഹീറോകൾക്ക് ആശംസകൾ നേരുന്നതായി തരൂർ കുറിച്ചു. 'വാക്കുകൾക്കതീതം... എന്തൊരു വിജയം.. ഇംഗ്ലണ്ടിനെതിരായ ടീം ഇന്ത്യയുടെ തീർത്തും ത്രസിപ്പിക്കുന്ന വിജയം, അവിശ്വസനീയം... മത്സരഫലത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചതിൽ എനിക്ക് ഖേഃദമുണ്ട്. മുഹമ്മദ് സിറാജിലുള്ള വിശ്വാസം അറ്റുപോയിരുന്നില്ല. ഹീറോകൾക്ക് ആശംസകൾ..', തരൂർ കുറിച്ചു.

ഇംഗ്ലണ്ട് സീരിസിൽ വിരാട് കോലിയുടെ അസാന്നിധ്യം പ്രകടമായെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിരമിക്കൽ കുറച്ച് നേരത്തെ ആയോ എന്നും രാജ്യത്തിന് കോലിയെ ആവശ്യമുണ്ടെന്നും കഴിഞ്ഞ ദിവസം ശശി തരൂർ എക്സിൽ കുറിച്ചിരുന്നു. 

എന്നാൽ, കഴിഞ്ഞ ദിവസത്തേതിൽനിന്ന് വ്യത്യസ്തമായ കളി പുറത്തെടുത്ത ഇന്ത്യൻ സംഘം ഏവരേയും ഞെട്ടിച്ചു കൊണ്ട് ജയം സ്വന്തമാക്കുകയായിരുന്നു. തോൽവിയേക്കാൾ പരമ്പര നഷ്ടം കൂടി ഉണ്ടാകേണ്ടിയിരുന്ന കളിയിലാണ് ഇന്ത്യൻ സംഘം ഇംഗ്ലീഷ് നിരയെ തറപറ്റിച്ചത്. ആറ് റൺസിന്റെ അവിസ്മരണീയ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 

അവസാന ദിനം 35 റണ്‍സ് അടിച്ചെടുക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ ആറു റണ്‍സകലെ മുഹമ്മദ് സിറാജ് എറിഞ്ഞിട്ടു. മത്സരത്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍പിടിച്ചത്. സിറാജിനെ പ്രത്യേകം മെൻഷൻ ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.

Content Highlights: Tharoor Lauds India's Thrilling Oval Test Victory, Retracts Earlier Doubts