നിതീഷ് കുമാറിനെ രണ്ട് തവണ മുഖ്യമന്ത്രിയാക്കിയത് ഞാനാണ്- തിരിച്ചടിച്ച് തേജസ്വി യാദവ്

തേജസ്വി യാദവ്, നിതീഷ് കുമാർ | ഫോട്ടോ:എ.എൻ.ഐ
തേജസ്വി യാദവ്, നിതീഷ് കുമാർ | ഫോട്ടോ:എ.എൻ.ഐ

പറ്റ്‌ന: ലാലു പ്രസാദ് യാദവിനെ വളര്‍ത്തിയത് താനാണെന്ന നിതീഷ് കുമാറിന്റെ വാദത്തിന് മറുപടിയുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.). നിതീഷ് കുമാറിനെ രണ്ട് തവണ മുഖ്യമന്ത്രിയാക്കിയത് താനാണെന്ന് മുൻ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദിന്റെ മകനുമായ തേജസ്വി യാദവ് തിരിച്ചടിച്ചു. 'ലാലുവിന്റെ ആള്‍' എന്നാണ് നിതീഷ് അറിയപ്പെട്ടിരുന്നതെന്ന് ആര്‍.ജെ.ഡി. നേതാവ് മനോജ് ഝായും മറുപടി നല്‍കി. 

'ലാലു പ്രസാദ് യാദവിനെ മുഖ്യമന്ത്രിയാക്കിയത് താനാണെന്ന് കഴിഞ്ഞദിവസം നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നത് വിട്ടേക്കൂ... പക്ഷെ, നിതീഷ് ഒന്നോര്‍ക്കണം, അദ്ദേഹത്തിനു മുമ്പ് രണ്ട് തവണ എം.എല്‍.എ. ആയും ഒരുതവണ എം.പി. ആയും തിരഞ്ഞെടുക്കപ്പെട്ടയാളാണ് എന്റെ അച്ഛന്‍. ഞാനാണ് അദ്ദേഹത്തെ (നിതീഷ് കുമാര്‍) രണ്ട് തവണ മുഖ്യമന്ത്രിയാക്കിയതും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ സംരക്ഷിച്ചതും.' പാറ്റ്‌നയില്‍ നടന്ന റാലിയില്‍ സംസാരിക്കവെ തേജസ്വി യാദവ് പറഞ്ഞു. 

2015-ലെ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റ് നേടിയ പാര്‍ട്ടിയായിരുന്നു ആര്‍.ജെ.ഡി. മഹാഗഡ്ബന്ധന്‍ സംഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് അന്ന് 71 സീറ്റുകളാണ് ലഭിച്ചത്. എങ്കിലും ആര്‍.ജെ.ഡി. അന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാകാന്‍ അനുവദിച്ചു. 2017-ല്‍ സഖ്യം വിട്ട്  നിതീഷ് കുമാര്‍ എന്‍.ഡി.എ. മുന്നണിയുടെ ഭാഗമായി. 2022-ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എന്‍.ഡി.എ. സഖ്യം വിട്ടു. വീണ്ടും മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ ചേര്‍ന്ന് ആര്‍.ജെ.ഡിയുടെ പിന്തുണയോടെ എട്ടാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി. 2024-ല്‍ നിതീഷ് കുമാര്‍ വീണ്ടും ബി.ജെ.പിയുടെ പക്ഷത്തേക്ക് പോയി. 

"നിതീഷ് കുമാറിനെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ട്, അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് നിര്‍ഭാഗ്യകരമാണ്. നിങ്ങള്‍ ലാലുജിയുടെ ടീമിലുണ്ടായിരുന്നപ്പോള്‍ ലാലുവിന്റെ ആള്‍ എന്നാണ് നിങ്ങളെ വിളിച്ചിരുന്നത്." മനോജ് ഝാ പറഞ്ഞു. 

ബിഹാര്‍ നിയമസഭ സമ്മേളനത്തിനിടെയാണ് നിതീഷ് കുമാറും തേജസ്വി യാദവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നത്. യാദവ ജനത എതിര്‍ത്തിട്ടും ലാലു പ്രസാദ് യാദവിനെ മുഖ്യമന്ത്രിയാക്കിയത് താനാണെന്നായിരുന്നു നിതീഷ് കുമാറിന്റെ അവകാശവാദം. 1990-ല്‍ റാം സുന്ദര്‍ദാസും ലാലുവും തമ്മിലുള്ള തര്‍ക്കം നടക്കുന്ന കാലത്തും ലാലുവിനെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 

Content Highlights: Tejashwi Yadav refutes Nitish Kumar`s claim of making Lalu Prasad Yadav CM