കണ്ണീരോടെ അവസാന സല്യൂട്ട്; നമാംശിന് അന്ത്യാഭിവാദ്യമേകി വിങ് കമാന്‍ഡറായ ഭാര്യ | VIDEO

#ന്യൂസ് ഡെസ്ക്
നമാംശ് സ്യാലിന് അവസാന സല്യൂട്ട് നല്‍കുന്ന അഫ്‌സാൻ | Photo: PTI
നമാംശ് സ്യാലിന് അവസാന സല്യൂട്ട് നല്‍കുന്ന അഫ്‌സാൻ | Photo: PTI

ഷിംല: ദുബായ് എയര്‍ ഷോയിലെ വ്യോമാഭ്യാസത്തിനിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് അന്ത്യാഭിവാദനം നല്‍കി ഭാര്യയും വ്യോമസേനാ വിങ് കമാന്‍ഡറുമായ അഫ്‌സാന്‍.

വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ച ഹിമാചല്‍ പ്രദേശ് സ്വദേശിയായ നമാംശിന്റെ ഭൗതികദേഹം, ഞായറാഴ്ച അദ്ദേഹത്തിന്റെ ഗ്രാമമായ പാട്യാല്‍കറില്‍ എത്തിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. വിതുമ്പിക്കരഞ്ഞുകൊണ്ട് ഭര്‍ത്താവിന് അവസാന സല്യൂട്ട് നല്‍കുന്ന അഫ്‌സാന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ആറുവയസ്സുകാരി ആര്യയാണ് നമാംശിന്റെയും അഫ്‌സാന്റെയും മകള്‍.

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം 2.15-ന് പ്രാദേശികസമയം അല്‍ മഖ്തൂം വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. അപകടത്തിനിടെ നമാംശിന് വിമാനത്തില്‍നിന്ന് പുറത്തേക്ക് ചാടാന്‍ കഴിഞ്ഞില്ല. തേജസ് അപകടത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബായ് ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് അന്വേഷണം. ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.

Content Highlights: teary final good bye to namansh syal from wife video