ടാറ്റ സൺസിൽ നിർണായക പുനഃസംഘടനയ്ക്ക് നീക്കം; ലിസ്റ്റിങ് ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ടാറ്റ ട്രസ്റ്റ്സ്

#ന്യൂസ് ഡെസ്ക്
നോയൽ ടാറ്റ | photo: pti
നോയൽ ടാറ്റ | photo: pti

മുംബൈ: ടാറ്റ സൺസിനെ ബാങ്കിതര ധനകാര്യ കമ്പനിയോ (എൻ.ബി.എഫ്.സി.) കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയോ (സി.ഐ.സി.) അല്ലാത്ത രീതിയിൽ പുനഃസംഘടിപ്പിക്കാനുള്ള തന്ത്രപരമായ പദ്ധതിയുമായി ടാറ്റ ട്രസ്റ്റ്സ്. കമ്പനിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ.) നിർദേശം പാലിക്കാൻ ടാറ്റ സൺസ് ബോർഡ് തീരുമാനമെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് പുനഃസംഘടന പദ്ധതിയുമായി ടാറ്റ ട്രസ്റ്റ്സ് രംഗത്തെത്തിയത്.

ടാറ്റ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ടി.ഇ.എസ്.എസ്.), ടാറ്റ കൺസൾട്ടിങ് എൻജിനീയേഴ്സ് (ടി.സി.ഇ.) എന്നീ കമ്പനികളെ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡു(ടി.എസ്.പി.എൽ.)മായി ലയിപ്പിക്കാനാണ് ടാറ്റ സൺസ് ബോർഡിന് നൽകിയ നിർദേശത്തിലുള്ളത്. ഈ നീക്കം അംഗീകരിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്താൽ, അത് ടാറ്റ സൺസിന്റെ ഘടനയെയും സ്വഭാവത്തെയും അടിമുടി മാറ്റുകയും ആർ.ബി.ഐ.യുടെ ലിസ്റ്റിങ് നിർദേശത്തിന് കാരണമായ നിയന്ത്രണ ചട്ടക്കൂടിന് പുറത്തേക്ക് കമ്പനിയെ എത്തിക്കുകയും ചെയ്യും.

ടി.എസ്.പി.എല്ലിന്റെ ബിസിനസും പ്രവർത്തനങ്ങളും പുനഃസംഘടിപ്പിക്കാനുള്ള ഈ പുതിയ നീക്കം പുതിയ കാര്യമല്ലെന്ന് ടാറ്റ ട്രസ്റ്റ്സ് അധികൃതർ വ്യക്തമാക്കി. ലയനത്തിനും പുനഃസംഘടനയ്ക്കും ആവശ്യമായ എൻ.ഒ.സിക്കായി ആർ.ബി.ഐയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ടാറ്റ സൺസ് ബോർഡ് ഈ നിർദേശം പരിഗണിച്ച് അംഗീകരിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ടാറ്റ സൺസിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ഘട്ടത്തിലാണ് ഈ ശുപാർശ വരുന്നത്. നേരത്തെ അപ്പർ-ലെയർ എൻ.ബി.എഫ്.സി. ആയി രജിസ്റ്റർ ചെയ്തത് റദ്ദാക്കണമെന്ന കമ്പനിയുടെ ആവശ്യം ആർ.ബി.ഐ. തള്ളിയിരുന്നു. ഇതോടെയാണ് കമ്പനിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന നിലയിലേക്ക് എത്തിയത്.

ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്ന ടാറ്റ ട്രസ്റ്റ്സ്, നിലവിലെ രൂപത്തിലുള്ള ലിസ്റ്റിങ് നടപടികളിലേക്ക് കടക്കുന്നതിന് പകരം കമ്പനിയുടെ അടിത്തറ മാറ്റാനാണ് ശ്രമിക്കുന്നത്. എന്നാൽ, പുനഃസംഘടന സംബന്ധിച്ച നിർദേശം ഇപ്പോൾ ടാറ്റ സൺസ് ബോർഡിന്റെ പരിഗണനയിലാണുള്ളത്. മാത്രമല്ല, ഇതിന് ആർ.ബി.ഐയുടെ അനുമതിയും ആവശ്യമാണ്.

സെപ്റ്റംബർ 17-ന് എക്സിക്യൂട്ടീവ് ചെയർമാൻ എൻ. ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി സേവന കാലാവധി നീട്ടിനൽകാൻ ടാറ്റ സൺസ് ബോർഡ് അനുമതി നൽകിയിരുന്നു. ഇതിനൊപ്പം ആർ.ബി.ഐ. മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നിർണായക തീരുമാനവും ബോർഡ് എടുത്തിരുന്നു.

Content Highlights: Tata Trusts has proposed a strategic restructuring plan for Tata Sons, aiming to merge key subsidiaries and bypass RBI's strict upper-layer NBFC listing guidelines.