ഷെയ്ഖ് ഹസീന തിരിച്ചുവരണം, ബംഗ്ലാദേശിൽ മതേതരത്വം ഇല്ലാതായി; മദ്രസകൾ വേണ്ടെന്നും തസ്ലീമ നസ്രിൻ

#ന്യൂസ് ഡെസ്ക്
ഷെയ്ഖ് ഹസീന, തസ്ലീമ നസ്രിൻ | Photos: PTI
ഷെയ്ഖ് ഹസീന, തസ്ലീമ നസ്രിൻ | Photos: PTI

കൊൽക്കത്ത: ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ശക്തമായ പരാമർശങ്ങളുമായി എഴുത്തുകാരി തസ്ലീമ നസ്രിൻ. തന്റെ ഓർമ്മക്കുറിപ്പായ 'ദ്വിഖണ്ഡിതോ' എന്ന പുസ്തകത്തെച്ചൊല്ലി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് 2007-ൽ നഗരം വിടേണ്ടിവന്ന തസ്ലീമ നീണ്ട 19 വർഷങ്ങൾക്കുശേഷം കഴിഞ്ഞ ദിവസമാണ് കൊൽക്കത്തയിൽ തിരിച്ചെത്തിയത്.

കൊൽക്കത്തയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വാർത്താസമ്മേളനത്തിൽ പങ്കെടുക്കവെയാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ്, മതനിരപേക്ഷ രാഷ്ട്രം, ഏക സിവിൽ കോഡ് എന്നിവയ്ക്കായി അവർ വാദിച്ചത്. രാജ്യത്തെ മദ്രസകളുടെ പങ്കിനെ വിമർശിച്ച അവർ ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന മതമൗലികവാദത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

ബംഗ്ലാദേശിൽ മദ്രസകൾ ഉണ്ടാകാൻ പാടില്ലെന്ന് താൻ വിശ്വസിക്കുന്നതായി അവർ പറഞ്ഞു. 'ബംഗ്ലാദേശിൽ മദ്രസകൾ നിലനിൽക്കാൻ പാടില്ല. പല സന്ദർഭങ്ങളിലും മദ്രസകൾ ജിഹാദികളെ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇമാമുമാരും മദ്രസ അധ്യാപകരും അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ട്. മദ്രസകളുടെ ആവശ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.' അവർ പറഞ്ഞു.

'മദ്രസയിൽനിന്ന് പഠിച്ചിറങ്ങുന്ന പലരും കാര്യക്ഷമമായ ജോലികൾ ചെയ്യുന്നില്ല; അവർ ദാനധർമ്മങ്ങൾ കൊണ്ടാണ് ജീവിക്കുന്നത്.' തസ്ലീമ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് ഒരു മതേതര രാജ്യമാകണമെന്നും അവർ ആവശ്യപ്പെട്ടു. 'ഒരു രാജ്യം യഥാർത്ഥത്തിൽ മതേതരമാകണമെങ്കിൽ മതത്തെ ഭരണകൂടത്തിൽനിന്ന് വേർപെടുത്തണം. ഇത്തരം നടപടികളാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ സഹായിക്കുന്നത്.' അവർ പറഞ്ഞു. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെ, രാജ്യത്ത് മതമൗലികവാദ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ കുറവുണ്ടായതായി താൻ കാണുന്നില്ലെന്ന് തസ്ലീമ പറഞ്ഞു.

'അത് കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും ഞാൻ കാണുന്നില്ല. നേരെമറിച്ച്, വർധിച്ചുകൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്ക് ഇനി പാർലമെന്റിൽ സാന്നിധ്യമുണ്ടാകും. ഈ സാഹചര്യത്തിൽ, അവാമി ലീഗ് പ്രധാന പ്രതിപക്ഷ പാർട്ടിയായി തുടർന്നിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് എന്റെ അഭിപ്രായം.' അവർ പറഞ്ഞു.

ബംഗ്ലാദേശിലെ താരിഖ് റഹ്‌മാൻ കാലഘട്ടവും യൂനസ് കാലഘട്ടവും തമ്മിൽ 'വ്യത്യാസമൊന്നുമില്ല' എന്നും അവർ അഭിപ്രായപ്പെട്ടു. 'യഥാർത്ഥത്തിൽ, യൂനസിന്റെ ഭരണകാലത്താണ് ഹിന്ദുക്കൾ കൂടുതൽ പീഡനങ്ങൾ നേരിട്ടത്,' അവർ പറഞ്ഞു. ഹിന്ദുക്കളെ പീഡിപ്പിക്കുന്നവർക്കെതിരെ ബംഗ്ലാദേശ് സർക്കാർ നടപടിയെടുക്കുന്നില്ലെന്നും തസ്ലീമ ആരോപിച്ചു.

ബംഗ്ലാദേശിൽ ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും പീഡനം നേരിടുന്നുണ്ടെന്നും അവർ ആരോപിച്ചു.

'ഏറ്റവും അത്യാവശ്യം വിദ്യാഭ്യാസമാണ്. എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. കൂടുതൽ ക്ഷേത്രങ്ങളും മദ്രസകളും പണിയുന്നതിന് പകരം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണം.' അവർ പറഞ്ഞു. ചിന്മയ് കൃഷ്ണ ദാസിന്റെ വിഷയത്തിൽ താൻ പലതവണ പ്രതിഷേധിച്ചിട്ടുണ്ടെന്നും തസ്ലീമ നസ്രിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ 40 വർഷമായി താൻ ഏകീകൃത സിവിൽ കോഡിനായി പ്രചാരണം നടത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി. 

'കഴിഞ്ഞ 40 വർഷമായി ഞാൻ ഏകീകൃത സിവിൽ കോഡിനായി പോരാടുകയാണ്. ഈ ഉപഭൂഖണ്ഡത്തിന് ഒരു ഏകീകൃത സിവിൽ കോഡ് ആവശ്യമാണ്. പ്രത്യേകിച്ച്, സ്ത്രീകൾ മതാധിഷ്ഠിത വ്യക്തിനിയമങ്ങളാൽ ഭരിക്കപ്പെടരുത് എന്നാണ് എന്റെ കാഴ്ചപ്പാട്.' അവർ പറഞ്ഞു. ബംഗ്ലാദേശിന്റെ കാര്യത്തിൽ, പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്ക് തുല്യമായ അവകാശമില്ല എന്ന കാര്യമടക്കം അവർ ചൂണ്ടിക്കാട്ടി.

പല ഹിന്ദു പുരുഷന്മാരും ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നുണ്ടെന്നും എന്നാൽ മതപരമായ നിബന്ധനകൾ കാരണം സ്ത്രീകൾക്ക് വിവാഹമോചനം പോലും നേടാനാവുന്നില്ലെന്നും അവർ പറഞ്ഞു. മതാധിഷ്ഠിത വ്യക്തിനിയമങ്ങൾ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് തുടരുന്നതിനാൽ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകൾക്ക് ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്ന് അവർ പറഞ്ഞു. 

അതേസമയം, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും തസ്ലീമ പ്രത്യാശ പ്രകടിപ്പിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യ വലിയ സംഭാവനയാണ് നൽകിയതെന്ന് അവർ പറഞ്ഞു.

കൊൽക്കത്തയിലേക്ക് വന്ന സ്ഥിതിക്ക് എപ്പോഴാണ് ബംഗ്ലാദേശിലേക്ക് മടങ്ങുന്നത് എന്ന ചോദ്യത്തിന്, 'അവിടെനിന്ന് ആരും എന്നോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ ഞാൻ എങ്ങനെ എന്റെ രാജ്യത്തേക്ക് തിരിച്ചുപോകും.' എന്നായിരുന്നു അവരുടെ മറുചോദ്യം. അതേസമയം, ഷെയ്ഖ് ഹസീന തിരിച്ചുവരണമെന്നു താൻ ആഗ്രഹിക്കുന്നതായും അവർ വെളിപ്പെടുത്തി.

Content Highlights: Taslima Nasrin advocates for a secular Bangladesh and the abolition of madrasas. Claims of rising religious fundamentalism and persecution of minorities under the Yunus tenure. Urgent call for a Uniform Civil Code to ensure gender equality and inheritance rights. Support for the restoration of democracy and the return of former PM Sheikh Hasina.