സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസിൽ തരുൺ തേജ്പാലിന് പത്ത് വർഷം തടവ്

#ന്യൂസ് ഡെസ്ക്
തരുണ്‍ തേജ്പാല്‍
തരുണ്‍ തേജ്പാല്‍

ന്യൂഡൽഹി: സഹപ്രവർത്തകയെ ബലാത്സംഗ ചെയ്തെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന് പത്ത് വർഷം തടവ്. ബോംബെ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ തരുണിനെ വെറുതെ വിട്ട വിചാരണ കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗോവ സർക്കാർ നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയക്കകം ഗോവ പോലീസിന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി തേജ്പാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ.പി.സി. സെക്ഷൻ 376 പ്രകാരം 10 വർഷത്തെ കഠിന തടവിനും 5 ലക്ഷം രൂപ പിഴയ്ക്കും, ഐ.പി.സി.യുടെ 354 (എ) വകുപ്പ് പ്രകാരം ഒരു വർഷത്തെ കഠിന തടവിനും 10,000 രൂപ പിഴയ്ക്കും, 254 (ബി) വകുപ്പ് പ്രകാരം മൂന്നു വർഷത്തെ കഠിന തടവുമാണ് തേജ്പാലിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ ആകെ 10 വർഷം ജയിലിൽ കഴിയേണ്ടി വരും.

ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് സംദെക്കർ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. 2013 നവംബർ 7, 8 തീയ്യതികളിൽ ഗോവയിൽ വച്ച് തരുൺ തേജ്പാൽ ലൈംഗീക അതിക്രമം നടത്തിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ആയിരുന്നു കേസ്. കേസിൽ 2021 ൽ വിചാരണ കോടതി തേജ്പാലിനെ വെറുതെ വിട്ടിരുന്നു. ഇതിന് എതിരെ ഗോവ സർക്കാർ ആണ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഗോവ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആണ് ഹൈക്കോടതിയിൽ ഹാജരായത്.

Content Highlights: Bombay High Court overturned the 2021 acquittal of Tarun Tejpal., Sentenced to 10 years imprisonment for the 2013 sexual assault case., The verdict was delivered by Justices Neela Gokhale and Amit Samdarshi., Tejpal was taken into custody immediately following the court's order.