സ്ഥാനം തെറിച്ചതിൽ അതൃപ്തൻ, യോഗങ്ങളിൽ പങ്കെടുക്കുന്നില്ല; താരിഖ് അൻവർ കോൺഗ്രസ് വിടുമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട താരിഖ് അന്‍വര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ സംഘടനാ അഴിച്ചുപണിയില്‍ സ്ഥാനം നഷ്ടപ്പെട്ടത്തില്‍ താരിഖ് അന്‍വര്‍ അതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.സി.പി. സ്ഥാപക നേതാക്കളില്‍ ഒരാളായ താരിഖ് അന്‍വര്‍ ശരദ് പവാറിന്റെ പാര്‍ട്ടിയിലേക്ക് തിരിച്ചുപോയേക്കുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷയായുള്ള സോണിയ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്താണ് താരിഖ് അന്‍വര്‍ രണ്ടുദശാബ്ദം മുമ്പ് കോണ്‍ഗ്രസ് വിട്ടത്. ശരദ് പവാറിനും പി.എ. സാങ്മയ്ക്കുമൊപ്പം എന്‍.സി.പി. രൂപവത്കരിച്ചു. എന്നാല്‍, 2018-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. റഫാല്‍ കരാര്‍ ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശരദ് പവാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് എന്‍.സി.പി. വിട്ടത്. ബിഹാറിലെ കത്തിഹാറില്‍നിന്നുള്ള എം.പിയായിരുന്ന താരിഖ്, പാര്‍ലമെന്റ് അംഗത്വവും രാജിവെച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ താരിഖ് അന്‍വറിന് പാര്‍ട്ടി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി. കേരളത്തിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. എന്നാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റായ ശേഷം നടന്ന സംഘടനാ അഴിച്ചുപണിയില്‍ താരിഖ് അന്‍വറിന് സ്ഥാനം നഷ്ടപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ഏക നേതാവ് താരിഖ് അന്‍വറായിരുന്നു. ഇതിലടക്കം അദ്ദേഹം അതൃപ്തനാണെന്നാണ് സൂചന.
അഴിച്ചുപണിക്ക് പിന്നാലെ ബിഹാറില്‍നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍ താരിഖ് അന്‍വര്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് നടന്ന ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും അദ്ദേഹമെത്തിയിരുന്നില്ല. അഭ്യൂഹങ്ങള്‍ക്കിടയിലും അദ്ദേഹം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ബിഹാറില്‍ ഇന്ത്യ സഖ്യകക്ഷികളുമായി നടക്കുന്ന സീറ്റ് ചര്‍ച്ചകളില്‍ കത്തിഹാറിനുവേണ്ടി കോണ്‍ഗ്രസ് ആവശ്യമുന്നയിക്കുന്നുണ്ടെന്നും ഇവിടെ താരിഖ് അന്‍വറിനെ പരിഗണിച്ചേക്കുമെന്നും ഇതിനിടെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
Content Highlights: Dropped as general secretary Tariq Anwar may quit Congress