ചെങ്കോല്‍ സ്ഥാപിച്ചതിന് നന്ദിയായി ബി.ജെ.പി. സഖ്യത്തിലെ 25 പേരെ ജയിപ്പിക്കണം- തമിഴ്നാട്ടിൽ അമിത് ഷാ

ചെന്നൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിന്റെ നന്ദിസൂചകമായി തമിഴ്നാട്ടില്‍നിന്ന് ബി.ജെ.പി. സഖ്യത്തിലെ 25 പേരെ ലോക്സഭയിലേക്ക് അയക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂരില്‍ ബി.ജെ.പി. പൊതുയോഗത്തില്‍ സംസാരിക്കവേയാണ് ചെങ്കോല്‍ സ്ഥാപനത്തിലൂടെ ബി.ജെ.പി. ലക്ഷ്യംവെക്കുന്നത് തമിഴ്നാട് രാഷ്ട്രീയംതന്നെയാണെന്ന് അമിത് ഷാ വെളിപ്പെടുത്തിയത്.
തമിഴ്നാട്ടില്‍ നിര്‍മിച്ച് ശൈവസന്ന്യാസിമഠമായ തിരുവാടുതുറൈ അധീനം പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് സമ്മാനിച്ച ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി സ്ഥാപിച്ച നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ''ചോള രാജവംശത്തിന്റെ പ്രതീകമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചത്.
നന്ദിസൂചകമായി തമിഴ്നാട് 25 എന്‍.ഡി.എ. എം.പി.മാരെ പാര്‍ലമെന്റിലേക്ക് അയക്കണം''-അമിത് ഷാ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റിലാണ് സംസ്ഥാനത്ത് ബി.ജെ.പി. മത്സരിച്ചത്. ഒന്നില്‍പ്പോലും ജയിക്കാനായില്ല. എന്നാല്‍, ബി.ജെ.പി. മുങ്ങുന്ന കപ്പലാണെന്നും പാര്‍ട്ടിക്ക് തമിഴ്നാട്ടില്‍നിന്ന് ഒരു എം.പി.യെപ്പോലും കിട്ടില്ലെന്നും ഡി.എം.കെ. ഖജാന്‍ജി ടി.ആര്‍. ബാലു പറഞ്ഞു.
Content Highlights: tamilnadu should elect over 25 NDA MPs as thanks for Sengol installation: Amit Shah