തമിഴ്നാട് വിനോദസഞ്ചാര മേഖലയിലേക്ക് 22,795 കോടിയുടെ നിക്ഷേപം, 127 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

ചെന്നൈ: വിനോദസഞ്ചാര മേഖലയിൽ 22,795 കോടിയുടെ നിക്ഷേപത്തിനുള്ള 127 ധാരണാപത്രങ്ങളിൽ തമിഴ്നാട് സർക്കാർ ഒപ്പുവെച്ചു. ഇതുവഴി 66,000 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. മഹാബലിപുരത്ത് തിങ്കളാഴ്ച തുടങ്ങിയ തമിഴ്നാട് ഗ്ലോബൽ ടൂറിസം സമ്മിറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് സംരംഭകർ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.
വിവിധോദ്ദേശ്യ സ്റ്റേഡിയം നിർമിക്കുന്നതിന് 6,200 കോടി രൂപ മുതൽമുടക്കാനുള്ള ആവിഡ് സ്പോർട്സിന്റെ പദ്ധതിയാണ് ധാരണാപത്രങ്ങളിൽ പ്രധാനം. മഹാബലിപുരത്ത് 328 കോടി രൂപ ചെലവിൽ പൈതൃക സാംസ്കാരിക കേന്ദ്രം തുടങ്ങാനുള്ള ധാരണാപത്രത്തിൽ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് ഒപ്പുവെച്ചു. രാമനാഥപുരത്ത് 620 കോടി രൂപ ചെലവിട്ട് വിനോദസഞ്ചാര കേന്ദ്രം തുടങ്ങാൻ മായക്കടൽ അഡ്വഞ്ചേഴ്സും ദിണ്ടിക്കലിൽ 300 കോടി രൂപ ചെലവിൽ ആഡംബര ഹോട്ടൽ നിർമിക്കാൻ കോടൈ ഹൈറ്റ്സും 650 കോടി രൂപ ചെലവിൽ തീംപാർക്ക് തുടങ്ങാൻ ഇമാജിക്കയും വിൻ വണ്ടർ അമ്യൂസ്മെന്റ് പാർക്ക് തുടങ്ങാൻ വിയറ്റ്നാമിലെ വിൻ ഗ്രൂപ്പും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സർക്കാരുമായി സഹകരിക്കാൻ ട്രാവൽ സർവീസ് കമ്പനിയായ തോമസ് കുക്കും എസ്.ഒ.ടി.സി.യും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
തമിഴ്നാടിനെ ആഗോള സാംസ്കാരിക, കലാകേന്ദ്രമാക്കി മാറ്റുന്നതിന് ആവിഷ്കരിച്ച പദ്ധതികൾ ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിശദീകരിച്ചു. വിനോദസഞ്ചാര വികസനത്തിന് സൗകര്യമൊരുക്കുന്നതിന് മഹാബലിപുരത്ത് 100 കോടി രൂപയുടെ സ്പെഷ്യൽ ഏരിയ ഡിവലപ്മെന്റ് അതോറിറ്റി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Tamil Nadu inks 127 MoUs worth ₹22,795 Cr for tourism, creating 66,000 jobs. Major investments include sports stadium & heritage center.