മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേരളത്തിന്റെ നീക്കം അനുവദിക്കില്ല, ശക്തമായ നടപടി- വിജയ് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ജോസഫ് വിജയ് സർക്കാർ ആദ്യ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. തമിഴ്‌നാടിന്റെകൂടി ചുമതലയുള്ള കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് വ്യാഴാഴ്ച നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം വായിച്ചത്.
തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയായ മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ജലനിരപ്പ് ഉയർത്തുന്നതിനും നടപടികൾ കൈക്കൊള്ളുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. അണക്കെട്ട് ബലപ്പെടുത്തുന്നതു തടയുകയും പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് കേരളം. ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കും.
കാവേരി നദിയിൽ മേക്കേദാട്ടു അണക്കെട്ടു നിർമിക്കാനുള്ള കർണാടകത്തിന്റെ നീക്കവും ചെറുക്കും. ഈ വിഷയങ്ങളിൽ തമിഴ്‌നാട്ടിലെ മുൻ സർക്കാരുകളുടെ നിലപാടുതന്നെയാണ് ടി.വി.കെ.യുടേതെന്ന് വ്യക്തമാക്കുന്ന നയപ്രഖ്യാപനം തെക്കേ ഇന്ത്യയിലെ നദികൾ കൂട്ടിയോജിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Content Highlights: Vijay government officially opposes the construction of a new Mullaperiyar dam by Kerala., Tamil Nadu plans to strengthen the existing dam and increase water levels., The policy address reaffirms resistance against Karnataka's Mekedatu dam project., Government advocates for the interlinking of rivers in South India.